കൊച്ചി: 'ഫിഫ'യുടെ ട്രാൻസ്‌ഫർ വിലക്കിൽ ആശങ്കപ്പെടേണ്ടെന്ന് ഐഎസ്എൽ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ്. വിലക്ക് നീക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്നും ക്ലബ്ബ് വാർത്താകുറിപ്പിലൂടെ അറിയിച്ചു.

നിയമബാധ്യതകൾ പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. താരങ്ങളുമായി കരാറൊപ്പിടുന്നതിനേയും വരാനിരിക്കുന്ന സീസണിനുള്ള തയ്യാറെടുപ്പുകളേയും വിലക്ക് ഒരു തരത്തിലും ബാധിക്കില്ല. പെട്ടെന്ന് തന്നെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ബ്ലാസ്റ്റേഴ്സ്  വ്യക്തമാക്കി.

മുൻ ബ്ലാസ്റ്റേഴ്സ് താരം പൊപ്ലാനികിന്റെ വേതനവുമായി ബന്ധപ്പെട്ടതാണ് ബ്ലാസ്റ്റേഴ്സിന്റെ വിലക്ക്. വേതനം നൽകി പ്രശ്നം പരിഹരിച്ചാൽ ഫിഫ ട്രാൻസ്‌ഫർ വിലക്ക് പിൻവലിക്കും.

സ്ലൊവാനിയൻ താരമായ പൊപ്ലാനിക് നിലവിൽ കളിക്കുന്ന സ്കോട്ടിഷ് ക്ലബ്ബ് ലിവിസ്റ്റൺ എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിനെതിരേ പരാതി നൽകിയത്. 2018-20 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരങ്ങളിൽ ഒരാളായിരുന്ന പൊപ്ലാനികിന് ക്ലബ്ബ് ഇതുവരെ കരാറിൽ പറഞ്ഞ തുക മുഴുവനും കൊടുത്തിട്ടില്ലെന്നാണ് പരാതി. ബ്ലാസ്റ്റേഴ്സിനൊപ്പം ഐഎസ്എല്ലിലെ മറ്റൊരു ടീം ഈസ്റ്റ് ബംഗാളിനും ഫിഫ ട്രാൻസ്‌ഫർ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Content Highlights: Kerala Blasters FC Comments on the transfer ban