ബിജോയ് വർഗീസ് | Photo: twitter/ Kerala Blasters
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന് അണിഞ്ഞ 21-ാം നമ്പര്‍ ജഴ്സി ഇനി യുവതാരം ബിജോയ് വര്‍ഗീസ് അണിയും. സെന്റര്‍ ബാക്ക് ആയ ബിജോയ് വര്‍ഗീസുമായി ബ്ലാസ്റ്റേഴ്സ് പുതിയ കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം 21-ാം നമ്പര്‍ ജഴ്സി അണിയും എന്ന് ബ്ലാസ്റ്റേഴ്സ് ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ സീസണില്‍ ജിങ്കന് ബ്ലാസ്റ്റേഴ്സിനെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയിരുന്നു. ഇതിന് പിന്നാലെ രോഷാകുലരായ ആരാധകര്‍ 21-ാം നമ്പര്‍ ജഴ്സി തിരിച്ചുകൊണ്ടുവരണം എന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ആരാധകരുടെ ഈ ആവശ്യം അംഗീകരിക്കുന്ന തീരുമാനമാണ് ഇപ്പോള്‍ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
ബിജോയിയുമായി 2025 വരെയാണ് ബ്ലാസ്റ്റേഴ്സ് കരാര്‍ നീട്ടിയത്. തിരുവനന്തപുരം സ്വദേശിയായ ബിജോയിയുടെ ആദ്യ തട്ടകം കോവളം എഫ്സിയായിരുന്നു. 2018-ല്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിയ കേരള ടീമിന്റെ ഭാഗമായിരുന്ന താരം ഏറ്റവും മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്കാരം നേടി.
2021ല്‍ കേരള പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി റിസര്‍വ് ടീമിന്റെ ഭാഗമായി. പ്രീമിയര്‍ ലീഗിലെ സ്ഥിരതയാര്‍ന്ന പ്രകടനം സീനയര്‍ ടീമില്‍ ഇടം നേടിക്കൊടുത്തു. 2021 ഡ്യൂറന്‍ഡ് കപ്പിലായിരുന്നു ബ്ലാസ്റ്റേഴ്സിനായുള്ള അരങ്ങേറ്റം. തുടര്‍ന്ന് ഐഎസ്എല്‍ സീസണില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ചു.
Content Highlights: Kerala Blasters FC Bijoy Varghese will be donning jersey number 21 in the upcoming season
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..