കൊച്ചി: മലയാളി താരം പ്രശാന്തുമായുള്ള കരാർ ഒരു വർഷത്തേക്കു കൂടി നീട്ടി കേരള ബ്ലാസ്റ്റേഴ്സ്. 2016-ലാണ് ബ്ലാസ്റ്റേഴ്സ് പ്രശാന്തുമായി ആദ്യം കരാർ ഒപ്പിടുന്നത്. കഴിഞ്ഞ സീസണിലടക്കം ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ പ്രധാന താരമായിരുന്നു കോഴിക്കോട് സ്വദേശിയായ പ്രശാന്ത്.
കഴിഞ്ഞ സീസണിൽ മഞ്ഞപ്പടയ്ക്കായി 12 മത്സരങ്ങളിൽ കളിച്ച താരം എഫ്.സി ഗോവയുമായുള്ള നിർണായകമായ മത്സരത്തിൽ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. വിങ്ങിലൂടെയുള്ള പ്രശാന്തിന്റെ വേഗവും മികച്ച ഫോമും വരുന്ന സീസണിൽ മുതൽക്കൂട്ടായിരിക്കുമെന്നാണ് ക്ലബ്ബിന്റെ കാഴ്ചപ്പാട്.
ഫുട്ബോൾ യാത്രയിൽ ഒരു നിർണായകമായ സ്ഥാനമുള്ള കേരള ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിൽ ഒരേസമയം അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുവെന്ന് കരാർ നീട്ടാനുള്ള തീരുമാനത്തിനു ശേഷം പ്രശാന്ത് പ്രതികരിച്ചു.
പ്രാദേശികമായ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ ഫുട്ബോളിന്റെ ഒരു കോട്ടയാക്കി മാറ്റുന്നതിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ കാഴ്ചപ്പാടിന് ഊന്നൽ നൽകുന്നതാണ് പ്രശാന്തുമായുള്ള കരാർ ദീർഘിപ്പിക്കാൻ ഉള്ള തീരുമാനം.
Content Highlights: Kerala Blasters extend contract with Malayalee player Prashanth