കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി. നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി എഫ്.സിയോട് തോല്‍വി വഴങ്ങിയതോടെയാണ് മഞ്ഞപ്പട ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഡല്‍ഹിയുടെ വിജയം. 

ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി എഫ്.സിയ്ക്ക് വേണ്ടി 53-ാം മിനിട്ടില്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ താരം വില്ലിസ് പ്ലാസ വിജയഗോള്‍ നേടി. ഈ വിജയത്തോടെ ഡല്‍ഹി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഗ്രൂപ്പ് സി യില്‍ നിന്ന് ബെംഗളൂരു എഫ്.സിയും ഡല്‍ഹിയുമാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. 

മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും രണ്ട് തോല്‍വിയും നേടിയ ബ്ലാസ്‌റ്റേഴ്‌സ് ഗ്രൂപ്പ് സി യില്‍ അവസാനസ്ഥാനക്കാരായി. രാഹുല്‍, സെത്യസെന്‍, ഗിവ്‌സണ്‍, ജീക്‌സണ്‍, ഖബ്ര, സിപ്പോവിച്ച്, ജെസ്സെല്‍, സഹല്‍ തുടങ്ങിയ മികച്ച താരങ്ങള്‍ അണിനിരന്നിട്ടും ബ്ലാസ്‌റ്റേഴ്‌സ് താരതമ്യേന ദുര്‍ബലരായ ഡല്‍ഹിയ്‌ക്കെതിരേ നിറം മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. നിരവധി സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ കണ്ടെത്താന്‍ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞില്ല.

ബ്ലാസ്റ്റേഴ്‌സ് മടങ്ങിയെങ്കിലും കേരളത്തിന്റെ പ്രതീക്ഷ അവസാനിച്ചിട്ടില്ല. മറ്റൊരു കേരള ടീമായ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഡി യില്‍ നിന്ന് ചാമ്പ്യന്മാരായാണ് ഗോകുലത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം. 

Content Highlights: Kerala Blasters eliminated from Durand Cup 2021