കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ വീരേന്‍ ഡിസില്‍വ പടിയിറങ്ങി. 2020 ജൂണ്‍ ഒന്നിന് അദ്ദേഹം രാജിവെച്ചതായി ക്ലബ്ബ് അറിയിച്ചു. 2014-ല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണിലാണ് വിരേന്‍ ആദ്യമായി കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നത്. ആ സീസണില്‍ ടീം ഫൈനലിലെത്തുകയും തുടര്‍ച്ചയായി 2 വര്‍ഷം അദ്ദേഹം ടീമിന്റെ ഭരണ നിര്‍വഹണത്തിന് ചുക്കാന്‍ പിടിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇടവേളയെടുത്ത അദ്ദേഹം 2019 സീസണില്‍ തിരിച്ചെത്തുകയായിരുന്നു.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകാന്‍ അവസരം നല്‍കിയ ക്ലബ് ഉടമകളോട് നന്ദി അറിയിക്കുന്നതായി വീരേന്‍ ഡിസില്‍വ പറഞ്ഞു. കളിക്കളത്തിലും പുറത്തും ക്ലബ് വിജയത്തിന്റെ പുതിയ ഉയരങ്ങളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തുടക്കം മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ അവിഭാജ്യ ഘടകമായ വിരേന്റെ പരിശ്രമങ്ങള്‍ക്ക് നന്ദി പറയുന്നതായും ഭാവിയിലെ എല്ലാ ഉദ്യമങ്ങള്‍ക്കും ആശംസ അറിയിക്കുന്നെന്നും കേരള ബ്ലാസ്റ്റേഴ്‌സ് ഉടമ നിഖില്‍ ഭരദ്വാജ് പറഞ്ഞു.

Content Highlights: kerala blasters ceo viren d silva resigns