കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ. സ്ഥാനത്തുനിന്ന് വിരേന്‍ ഡിസില്‍വയെ ഒഴിവാക്കുമെന്ന് സൂചന. ടീം 'മാനേജ്' ചെയ്യുന്നതില്‍ സി.ഇ.ഒ.യ്ക്ക് വേണ്ടത്ര മികവ് കാണിക്കാനായില്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണിത്. കഴിഞ്ഞ സീസണിലെ കളിക്കാരുടെ തിരഞ്ഞെടുപ്പിലും കോര്‍പ്പറേഷനും ജി.സി.ഡി.എ.യുമായുള്ള 'കണക്ഷനി'ലും സി.ഇ.ഒ.യുടെ കണക്കുകൂട്ടലുകള്‍ പാളിയെന്നാണ് വിലയിരുത്തല്‍.

സ്ഥാനം ഒഴിയുന്നതിനെപ്പറ്റി വിരേന്‍ ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും സൂചനകള്‍ നിഷേധിച്ചില്ല. കഴിഞ്ഞ സീസണിലെ ടീം തിരഞ്ഞെടുപ്പില്‍ കളിക്കാരുടെ പരിക്ക് മാനേജ്മെന്റിന് തലവേദനയായിരുന്നു. അതിന്റെ പേരില്‍ വലിയ സമ്മര്‍ദം നേരിടേണ്ടിവന്നെന്ന് വിരേന്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.

വിദേശ കളിക്കാരുടെ പരിക്കും കായികക്ഷമതയും വിലയിരുത്തുന്നതില്‍ ടീമിന് വലിയ പാളിച്ചയുണ്ടായി. വിദേശതാരങ്ങളില്‍ പലര്‍ക്കും സീസണിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായി. ടീമിന് ഹോം ഗ്രൗണ്ടായ കൊച്ചി വിടേണ്ടിവരുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ച പ്രശ്‌നങ്ങള്‍ നേരിടുന്നതിലും സി.ഇ.ഒ.ക്കു മികവ് കാണിക്കാനായില്ലെന്ന് വിലയിരുത്തുന്നു.

കോംപ്ലിമെന്ററി ടിക്കറ്റുകളുടെ കാര്യത്തില്‍ തുടങ്ങിയ തര്‍ക്കം വലിയ വിവാദമായതോടെ സര്‍ക്കാരിന് ഇടപെടേണ്ടിവന്നു. കൊച്ചി കോര്‍പ്പറേഷന്റെയും ജി.സി.ഡി.എ.യുടെയും ശത്രുതാപരമായ നിലപാടുകളാണ് ടീം കൊച്ചി വിടാന്‍ കാരണമാകുന്നതെന്ന് സി.ഇ.ഒ. പറഞ്ഞിരുന്നു.

ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച് കിബു വികുനയുടെ കൂടി താത്പര്യമനുസരിച്ചാകും പുതിയ സി.ഇ.ഒ.യുടെ നിയമനം. ടീം തിരഞ്ഞെടുപ്പില്‍ വികുനയുടെ മനസ്സിലുള്ള ഗെയിം പ്ലാന്‍ അറിയുന്ന സി.ഇ.ഒ. വന്നാല്‍ ഇത്തവണ കാര്യങ്ങളെല്ലാം അനുകൂലമാകുമെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വിലയിരുത്തുന്നു.

Content Highlights: Kerala Blasters CEO Viren D'Silva also likely to depart