ബ്ലാസ്റ്റേഴ്സ് താരങ്ങൾ (കേരള ബ്ലാസ്റ്റേഴ്സ് ഫെബ്രുവരിയിൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം)
കോഴിക്കോട്: ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്. അടുത്ത സീസണിലേക്കുള്ള ടീം രൂപവത്കരണം മുതല്‍ ക്ലബ്ബ് ശക്തിപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ആറാം സീസണ് അവസാനിക്കുംമുമ്പേ തുടങ്ങിക്കഴിഞ്ഞു. സ്പോര്‍ട്ടിങ് ഡയറക്ടറായി ലിത്വാനിയക്കാരന് കരോലിസ് സ്കിന്‍കിസും പുതിയ പരിശീലകനായി സ്പാനിഷുകാരന് കിബു വെക്കുനയുടെ വരവുമൊക്കെ മാനേജ്മെന്റ് നേരത്തേ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണ്. ആറു സീസണുകളിലായി ആരാധകരെ തൃപ്തിപ്പെടുത്താന്‍ കഴിയാത്ത ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള സീസണുകള്‍ നിര്‍ണായകമാണ്.
അടിത്തറയിടാന്‍ സ്കിന്‍കിസ്
ശക്തമായ ആരാധകക്കൂട്ടം മാത്രമാണ് ആറു സീസണുകളിലായി ബ്ലാസ്റ്റേഴ്സിനുള്ളത്. ക്ലബ്ബിന് സാമ്പത്തികമടക്കം ശക്തമായ അടിത്തറയോ കളിശൈലിയോ കിരീടവിജയങ്ങളോ ഇല്ല. ഇത്തരം കാര്യങ്ങളില്‍ പൊളിച്ചെഴുത്ത് ലക്ഷ്യമിട്ടാണ് ലിത്വാനിയന്‍ ഒന്നാം ഡിവിഷന് ക്ലബ്ബ് എഫ്.കെ. സുഡുവയില്നിന്ന് സ്കിന്‍കിസിനെ കൊണ്ടുവരുന്നത്.
സുഡുവയിലുണ്ടാക്കിയ നേട്ടങ്ങളുടെ ആവര്‍ത്തനമാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. മികച്ച കളിക്കാരെ ക്ലബ്ബിലേക്ക് എത്തിക്കല്‍, യൂത്ത് സിസ്റ്റം മെച്ചപ്പെടുത്തല്‍, എഫ്.സി. ഗോവയെപ്പോലെ കളിശൈലി ഉണ്ടാക്കിയെടുക്കല്‍ എന്നിവയാണ് പ്രധാനലക്ഷ്യം. മുന്‍സീസണുകളില്‍ കളിക്കാരുടെ തിരഞ്ഞെടുപ്പിലും ആകര്‍ഷകമായി കളിക്കുന്നതിലും കേരള ടീം അമ്പേ പരാജയമാണ്. സ്കിന്‍കിസിന് ഇക്കാര്യത്തില്‍ മാറ്റംവരുത്താന്‍ കഴിഞ്ഞാല്‍ ബ്ലാസ്റ്റേഴ്സിന്റെ മാത്രമല്ല ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെവരെ തലവരമാറും.
പുതിയ ടീം
ആറു സീസണുകളിലായി എട്ടു പരിശീലകരെ പരീക്ഷിച്ച ടീമാണ് ബ്ലാസ്റ്റേഴ്സ്. കിബു വിക്കുനയുടെ വരവോടെ സ്പാനിഷ് പരിശീലകനെന്ന ആരാധകരുടെ മുറവിളിക്കും അവസാനമാകും.
അടുത്തസീസണില്‍ പുതിയ ശൈലിയില്‍ കളിക്കുന്ന, മികച്ച കളിക്കാര്‍ അടങ്ങിയ ടീമിനെയാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. ഐ ലീഗില്‍ മോഹന്‍ ബഗാനെ കിബു കിരീടത്തിലേക്ക് നയിച്ചത് കളിക്കാരെ ഫലപ്രദമായി ഉപയോഗിച്ചായിരുന്നു. കളിക്കാരുടെ തിരഞ്ഞെടുപ്പും നന്നായിരുന്നു. ഇതേ രീതിയാകും ബ്ലാസ്റ്റേഴ്സിലും തുടരുന്നത്.
വിദേശതാരങ്ങളില്‍ നായകന് ബര്‍ത്തലോമ്യു ഒഗ്ബെച്ച, സ്പാനിഷ് മധ്യനിരതാരം സെര്‍ജി സിഡോഞ്ച എന്നിവര്‍ തുടരുമെന്നാണ് പുറത്തുവരുന്ന വിവരം. സെന്‍ട്രല്‍ ബാക്കായി ജംഷേദ്പുരില്നിന്ന് പരിചയസമ്പന്നനായ ടിറിയെ കൊണ്ടുവരുന്നുണ്ട്. കിബു വരുമ്പോള്‍ ബഗാനില്‍നിന്ന് സ്പാനിഷ് താരങ്ങളായ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ഫ്രാന് ഗോണ്‍സാലസും മധ്യനിരക്കാരന് ജോസെഫ ബെയ്റ്റിയയും വരുമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ ബാക്കിവരുന്ന രണ്ട് വിദേശതാരങ്ങളുടെ ക്വാട്ടയില്‍ ഒരു സ്ട്രൈക്കറും ഒരു സെന്ട്രല്ബാക്കുമായിരിക്കും വരുന്നത്.
ഇന്ത്യന്‍ താരങ്ങളില്‍ ബഗാനിലേക്ക് വായ്പയില്പ്പോയ നോങ്ഡാബ നെറോം ടീമിലേക്ക് തിരികെയെത്തും. ഗോള്‍ കീപ്പര്‍മാരായ പ്രഭ്ശുഖന്‍ ഗില്‍, അല്‍ബിനോ ഗോമസ്, മുന്നേറ്റനിര താരം വിക്രം സിങ് എന്നിവരുടെ പേര് പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇന്ത്യന്‍ സാഹചര്യം പഠിച്ച കിബുവും ഫുട്ബോള്‍ മാനേജ്മെന്റ് രംഗത്ത് കഴിവുതെളിയിച്ച സ്കിന്സും ചേരുമ്പോള്‍ പുതിയ ടീമിനെ അടുത്തസീസണില്‍ കളത്തില്‍ കാണാം.
Content Highlights: Kerala Blasters appoint new Sporting Director and new coach
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..