മാഡ്രിഡ്: ഉഗ്രനൊരു അസിസ്റ്റുമായി കരീം ബെന്‍സേമ തിളങ്ങിയ മത്സരത്തില്‍ എസ്പാന്യോളിനെ ഒരു ഗോളിനു മറികടന്ന് റയല്‍ മാഡ്രിഡ് ലാ ലിഗ കിരീടത്തോടടുത്തു.

എവേ മത്സരത്തില്‍ ആദ്യ പകുതിയുടെ അധിക സമയത്ത് ബെന്‍സേമയുടെ തന്ത്രപൂര്‍വുമുള്ള ഒരു ബാക്ക്ഹീല്‍ പാസ് വലയിലെത്തിച്ച കാസെമിറോയാണ് റയലിന് ജയമൊരുക്കിയത്. കടുത്ത പോരാട്ടം കാഴ്ചവെച്ച എസ്പാന്യോളിന് ഫിനിഷിങ്ങിലെ പോരായ്മയാണ് പലപ്പോഴും വിനയായത്. 

ജയത്തോടെ 32 മത്സരങ്ങളില്‍ നിന്ന് റയലിന് 71 പോയന്റായി. രണ്ടാമതുള്ള ബാഴ്‌സയ്ക്ക് 32 കളികളില്‍ നിന്ന് 69 പോയന്റും. ലീഗില്‍ ആറു റൗണ്ട് മത്സരങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ റയലിനെ മറികടക്കുക എന്നത് ബാഴ്‌സയ്ക്ക് കടുപ്പമാകും. 

കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ലീഗ് പുനഃരാരംഭിച്ച ശേഷം സിദാന്റെ ടീമിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. ജയത്തോടെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാനും അവര്‍ക്കായി.

ലീഗിലെ മറ്റു മത്സരങ്ങളില്‍ ലെവന്റെ 4-2ന് റയല്‍ ബെറ്റിസിനെയും വിയ്യാറയല്‍ 2-0ന് വലന്‍സിയയെയും ഐബര്‍ 2-1ന് ഗ്രനാഡയെയും തോല്‍പ്പിച്ചു.

Content Highlights: Karim Benzema Shines Again as Real Madrid Go Top of La Liga Table