മഡ്രിഡ്: ലാ ലിഗയില്‍ കരുത്തരായ റയല്‍ മഡ്രിഡിന് തകര്‍പ്പന്‍ ജയം. സെല്‍റ്റ വിഗോയെ രണ്ടിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തത്. സൂപ്പര്‍താരം കരിം ബെന്‍സേമ റയലിനായി ഹാട്രിക്ക് നേടി. 

മത്സരത്തിന്റെ 24, 46, 87 മിനിട്ടുകളിലാണ് ബെന്‍സേമ ഗോള്‍ നേടിയത്. വിനീഷ്യസ് ജൂനിയറും ഈ സീസണില്‍ റയല്‍ ടീമിലെത്തിച്ച എഡ്വാര്‍ഡോ കാമവിങ്ങയും ടീമിനായി ലക്ഷ്യം കണ്ടു. സാന്റി മിന, ഫ്രാന്‍കോ സെര്‍വി എന്നിവര്‍ സെല്‍റ്റ വിഗോയുടെ ആശ്വാസ ഗോളുകള്‍ നേടി. 

ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ റയല്‍ ഒന്നാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളില്‍ നിന്ന് 10 പോയന്റാണ് ടീമിനുള്ളത്. ഇത്രയും പോയന്റുള്ള വലന്‍സിയ രണ്ടാം സ്ഥാനത്തും നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ മഡ്രിഡ് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ഗോള്‍ വ്യത്യാസത്തിന്റെ മികവിലാണ് റയല്‍ ഒന്നാമതെത്തിയത്. 

ഒന്നര വര്‍ഷത്തിനുശേഷം കാണികള്‍ക്ക് പ്രവേശനമനുവദിച്ച റയലിന്റെ ഹോം ഗ്രൗണ്ടായ ബെര്‍ണാബ്യൂവില്‍ 19874 പേര്‍ മത്സരം വീക്ഷിച്ചു. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മഡ്രിഡ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് എസ്പാന്യോളിനെ കീഴടക്കി. 

തോമസ് ലെമാറിന്റെ അവസാന സെക്കന്‍ഡ് ഗോളാണ് അത്‌ലറ്റിക്കോയ്ക്ക് വിജയം സമ്മാനിച്ചത്. യാന്നിക്ക് കരാസോയും ടീമിനായി ഗോള്‍ നേടി. റൗള്‍ ഡി തോമസ് എസ്പാന്യോളിനായി വല ചലിപ്പിച്ചു. ബാഴ്‌സലോണയില്‍ നിന്നും അത്‌ലറ്റിക്കോയിലേക്ക് തിരിച്ചെത്തിയ ആന്റോയിന്‍ ഗ്രീസ്മാന്‍ ആദ്യ ഇലവനില്‍ സ്ഥാനം നേടി. 

Content Highlighs: Karim Benzema's hat-trick fires Real Madrid to thrilling 5-2 win against Celta Vigo