Photo: AP
പാരീസ്: 2021-2022 സീസണ് ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ റയല്‍ മഡ്രിഡ് മുത്തമിടുമ്പോള്‍ ടീം ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് സൂപ്പര്‍ താരം കരിം ബെന്സേമയോടാണ്. ബെന്‍സേമയുടെ തകര്‍പ്പന്‍ പ്രകടനമില്ലായിരുന്നെങ്കില്‍ റയലിന് ഒരിക്കലും കിരീടം നേടാനാകില്ലായിരുന്നു. ഫൈനലില്‍ ലിവര്‍പൂളിനെ കീഴടക്കി റയല്‍ 14-ാം ചാമ്പ്യന്‍സ് ലീഗ് കിരീടം സാന്റിയാഗോ ബെര്ണാബ്യുവിലെത്തിച്ചു.
ഈ സീസണില്‍ റയലിനായി ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും ഏറ്റവും നന്നായി കളിച്ച താരം ബെന്‍സേമയാണ്. ഇത്തവണത്തെ മികച്ച ഫുട്ബോളര്‍ക്കുള്ള ബാലണ്‍ദ്യോര്‍ പുരസ്കാരത്തിന് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നതും ബെന്‍സേമയ്ക്കാണ്.
കിരീടനേട്ടത്തിനുശേഷം ബെന്‍സേമ ബാലണ്‍ദ്യോര്‍ പുരസ്കാരത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബാലണ്‍ദ്യോര്‍ ഇത്തവണ സ്വന്തമാക്കുമെന്നുതന്നെയാണ് താരം പ്രതീക്ഷിക്കുന്നത്.
' ബാലണ്‍ദ്യോര്‍ പുരസ്കാരത്തിനായി ഇതില്‍ക്കൂടുതലൊന്നും എനിക്ക് ചെയ്യാനില്ല. എന്റെ കഴിവിന്റെ പരമാവധി ഈ സീസണില്‍ ഞാന്‍ പുറത്തെടുത്തിട്ടുണ്ട്. ഇതുവരെ നടത്തിയ പ്രകടനത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇനി ദേശീയ ടീമിനായി കളിക്കേണ്ട സമയമാണ്' ബെന്‍സേമ പറഞ്ഞു.
ഈ സീസണില്‍ റയലിനായി 44 ഗോളുകളാണ് ബെന്‍സേമ അടിച്ചുകൂട്ടിയത്. ചാമ്പ്യന്‍സ് ലീഗില്‍ മാത്രം 15 ഗോളുകളും താരം നേടി. ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് മത്സരങ്ങളില്‍ പി.എസ്.ജിയ്ക്കെതിരെയും ചെല്സിയ്ക്കെതിരേയും ഹാട്രിക്ക് നേടാന്‍ ബെന്‍സേമയ്ക്ക് സാധിച്ചു. സെമി ഫൈനലില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയ്ക്കെതിരേ രണ്ട് പാദങ്ങളിലുമായി മൂന്ന് ഗോളുകളും നേടി.
34 കാരനായ ഫ്രഞ്ച് താരം ഇനി ലക്ഷ്യം വെയ്ക്കുന്നത് ലോകകപ്പ് കിരീടമാണ്. ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി ബാലണ്‍ദ്യോര്‍ പുരസ്കാരപ്രഖ്യാപനമുണ്ടാകും. പാരീസില്‍ വെച്ച് ഒക്ടോബറിലായിരിക്കും പുരസ്കാരം നല്‍കുക. മുഹമ്മദ് സലയാണ് ബെന്‍സേമയുടെ പ്രധാന എതിരാളി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..