2020-ൽ ബയർ ലെവർകൂസനിൽ നിന്ന് കയ് ഹാവെർട്സിനെ ടീമിലെത്തിക്കാൻ ചെൽസി നൽകിയ വില കേട്ട് നെറ്റി ചുളിച്ചവരായിരുന്നു പലരും. 627 കോടി രൂപ നൽകാൻ മാത്രം ഹാവെർട്സിന് മികവുണ്ടോ എന്നതായിരുന്നു ആരാധകരുടെ സംശയം. എന്നാൽ പോർട്ടോയിൽ ഒരൊറ്റ രാത്രികൊണ്ട് ജർമൻ താരം ആ സംശയങ്ങളെല്ലാം ദുരീകരിച്ചു. 43-ാം മിനിറ്റിൽ മാസൺ മൗണ്ടിന്റെ ത്രൂ പാസിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ വല ചലിപ്പിച്ച ഹാവെർട്സ് ചെൽസി ആരാധകരുടെ ഹൃദയമിടിപ്പായി മാറി.

ഗോൾ നേടിയ ശേഷം എന്താണ് ചെയ്യേണ്ടത് എന്ന് ഹാവെർട്സിന് അറിയില്ലായിരുന്നു. ഗ്രൗണ്ടിലൂടെ ഭ്രാന്തനെപ്പോലെ നാവ് പുറത്തേക്കിട്ട് അയാൾ ഓടി. ചാമ്പ്യൻസ് ലീഗിൽ തന്റെ കന്നിഗോൾ കിരീടഗോൾ ആയി മാറിയ നിമിഷം ഹാവെർട്സ് മതിമറന്ന് ആഘോഷിച്ചു. ചെൽസി നൽകിയ വിലയെക്കുറിച്ച് മത്സരശേഷം ചോദിച്ച ബിടി സ്പോർട്സിന്റെ പ്രതിനിധിയെ അയാൾ തെറിവിളിച്ചു. ശേഷം പറഞ്ഞു. 'എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല. ഈ നിമിഷത്തിന് വേണ്ടി 15 വർഷത്തോളമാണ് ഞാൻ കാത്തിരുന്നത്. ഇപ്പോൾ ഇതാ ആ നിമിഷം വന്നെത്തിയിരിക്കുന്നു. എന്റെ കുടുംബത്തോടും മാതാപിതാക്കളോടും കാമുകിയോടും ഞാൻ നന്ദിയുള്ളവനാണ്.'

ബെൽജിയത്തിന്റേയും ഹോളണ്ടിന്റേയും അതിരിലുള്ള ജർമനിയിലെ ഏക്കണിലാണ് ഹാവെർട്സ് വളർന്നത്. എയ്ക്സ-ലാ-ചാപെല്ലെ എന്നറിയപ്പെട്ടിരുന്ന ഏക്കൺ ക്രിസ്ത്യൻ പള്ളികൾ നിറഞ്ഞുനിൽക്കുന്ന കുഞ്ഞുപട്ടണമാണ്. ഫ്രാങ്കുകളുടെ രാജാവ് കാറൽമാൻ പണികഴിപ്പിച്ച പ്രശസ്തമായ കത്രീഡലാണ് ഏക്കണിന്റെ മുഖമുദ്ര. പള്ളിമണികളുടെ ശബ്ദം സ്റ്റാർട്ടിങ് വിസിലായും പള്ളിമുറ്റം ഗ്രൗണ്ടായും കുഞ്ഞു ഹാവെർട്സ് ഏക്കണിൽ ഫുട്ബോൾ കളിച്ചുപഠിച്ചു. നാലാം വയസ്സിൽ തന്നെ ഗ്രൗണ്ടാണ് തന്റെ ലോകമെന്ന് അവൻ നിശ്ചയിച്ചിരുന്നു. മുത്തച്ഛൻ റിച്ചാർഡ് ചെയർമാനായുള്ള അലെമാനിയ മരിയഡോർഫ് എന്ന ക്ലബ്ബിലൂടെ നാലാം വയസ്സിൽതന്നെ അവൻ ഫുട്ബോളിൽ അരങ്ങേറി. 2009-ൽ ജർമൻ ക്ലബ്ബ് അലമാനിയയിലെത്തിയ കുഞ്ഞുഹാവെർട്സ് അവിടെ ഒരു വർഷം കളിച്ചു.

പിന്നീട് 11-ാം വയസ്സിൽ ജർമനിയിലെ മുൻനിരക്കാരായ ബയർ ലെവർകൂസനിലെത്തി. ക്ലബ്ബിന്റെ അണ്ടർ-17 ടീമിൽ കളി പഠിച്ച താരം 18 ഗോളുകളുമായി ഫ്രിറ്റ്സ് വാൾട്ടർ മെഡൽ സ്വന്തമാക്കി. ഇതോടെ 2016-ൽ ലെവർകൂസന്റെ സീനിയർ ടീം ജഴ്സി ഹാവെർട്സ്ന്റെ മുന്നിലെത്തി. ലെവർകൂസനിൽ നാല് വർഷം കളിച്ച താരം 118 മത്സരങ്ങളിൽ നിന്ന് 36 ഗോളുകൾ നേടി. ഇതിനിടയിൽ 2018-ൽ താരത്തെ തേടി ഒരു റെക്കോഡുമെത്തി. ബുണ്ടസ് ലിഗയിൽ അമ്പത് മത്സരങ്ങൾ പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. തിമോ വെർണറെ മറികടന്ന് ഈ നേട്ടം സ്വന്തമാക്കുമ്പോൾ ഹാവെർട്സിന്റെ പ്രായം 18 വർഷവും 307 ദിവസവുമായിരുന്നു.

2020 സെപ്റ്റംബർ നാലിന് ചെൽസിയുമായി അഞ്ചു വർഷത്തെ കരാറൊപ്പിട്ട താരം അവിടേയും റെക്കോഡിട്ടു. സ്പാനിഷ് ഗോൾകീപ്പർ കെപ അരിസബലാഗെയ്ക്ക് ശേഷം ഏറ്റവും കൂടുതൽ പണം ചിലവഴിച്ച് ചെൽസി സ്വന്തമാക്കുന്ന താരമായിരുന്നു ഹാവെർട്സ്. എന്നാൽ നീലക്കുപ്പായത്തിൽ ജർമൻ താരത്തിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മത്സരങ്ങളുടെ ഫിസിക്കൽ നേച്ചർ താരത്തെ പലപ്പോഴും കുഴക്കി. ചെൽസിയിലെ മത്സരങ്ങളുടെ എണ്ണക്കൂടുതൽ താരത്തെ വലച്ചു. അവിടെ ഹാവെർട്സിന്റെ രക്ഷകനായത് ജർമൻ ടീമിലെ സഹതാരം തിമോ വെർണറായിരുന്നു. ഇരുവരും പരസ്പരം പ്രയാസങ്ങൾ പങ്കുവെച്ചു. അത് വലിയ ആശ്വാസമായിരുന്നു.

ചെൽസി ജഴ്സി അണിഞ്ഞതു മുതൽ പരിക്കിന്റെ പിടിയിലായ ഹാവെർട്സ് പലപ്പോഴും ജർമനിയിൽ പുറത്തെടുത്ത കളി മികവിലേക്ക് ഉയർന്നിരുന്നില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 27 മത്സരങ്ങളിൽ നിന്ന് നേടിയത് നാല് ഗോളുകളും അഞ്ച് അസിസ്റ്റും, എഫ്എ കപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരൊറ്റ ഗോൾ, ഇഎഫ്എൽ കപ്പിൽ ഒരു മത്സരത്തിൽ മൂന്നു ഗോൾ, ചാമ്പ്യൻസ് ലീഗിൽ 11 മത്സരങ്ങൾ കളിച്ചിട്ടും അക്കൗണ്ട് തുറന്നില്ല, ആകെ 44 മത്സരങ്ങളിൽ എട്ടു ഗോളുകൾ, ഇതായിരുന്നു പോർട്ടോയിലെ ഫൈനലിന് മുമ്പ് അറ്റാക്കിങ് മിഡ്ഫീൽഡറുടെ ചെൽസി സമ്പാദ്യം.

അതിനിടയിൽ കോവിഡ് കൂടി പിടിമുറുക്കിയതോടെ ഹാവെർട്സ് വീണ്ടും തളർന്നു. ബാല്യകാല സുഹൃത്തും കാമുകിയുമായ സോഫിയ വെബ്ബറായിരുന്നു ആ കാലത്ത് ഹാവെർട്സിന് കൂട്ടായത്. ഇംഗ്ലണ്ടിൽ വീടെടുത്ത് താമസിച്ച ഇരുവരും ബല്ലൂ എന്ന് വിളിപ്പേരുള്ള വളർത്തുനായക്കൊപ്പം സമയം ചിലവഴിച്ചു. ഇടയ്ക്ക് തനിക്ക് പ്രിയപ്പെട്ട പിയാനോയും വായിച്ചു ഹാവെർട്സ് പതുക്കെ ധൈര്യം വീണ്ടെടുത്തു.

ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മൂന്നു മത്സരങ്ങളിലും പ്ലെയ്ങ് ഇലവനിൽ ജർമൻ താരം ഇല്ലായിരുന്നു. ഇപിഎല്ലിൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ചെൽസി വിജയമാഘോഷിച്ചപ്പോൾ ഹാവെർട്സ് സൈഡ് ബെഞ്ചിൽ. വെംബ്ലിയിൽ നടന്ന എഫ്എ കപ്പ് സെമി ഫൈനലിലും താരം പുറത്തുതന്നെ. അന്ന് ചെൽസി ഒരു ഗോളിന് വിജയിച്ചു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ചെൽസി 3-1ന് തോറ്റപ്പോൾ 15 മിനിറ്റാണ് ഹാവെർട്സ് കളിച്ചത്. ലെസ്റ്റർ സിറ്റിക്കെതിരായ എഫ്എ കപ്പ് ഫൈനലിലും അവസാന മിനിറ്റുകളിലാണ് ജർമൻ താരത്തെ പരിശീലകൻ തോമസ് ടൂഹൽ കളത്തിലിറക്കിയത്. വില്ലാ പാർക്കിൽ നടന്ന ആ ഫൈനലിൽ ചെൽസി തോൽക്കുകയും ചെയ്തു. പക്ഷേ പോർട്ടോയിലെ ഫൈനലിൽ ടൂഹൽ പരീക്ഷണത്തിന് മുതിർന്നില്ല. ചാമ്പ്യൻസ് ലീഗിന്റെ വിധി നിർണയിച്ച ഒറ്റ ഗോൾ ഹാവെർസിന്റെ പേരിനൊപ്പം ചേർക്കപ്പെട്ടിരുന്നുവെന്ന് ടൂഹർ കണക്കുകൂട്ടിയിരുന്നിരിക്കാം.

Content Highlights: Kai Havertz Champions League Final Chelsea vs Manchester City