സിയോൾ: അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം കാണാൻ ബൊമ്മകളെ അണിനിരത്തിയ ദക്ഷിണ കൊറിയൻ ക്ലബ്ബ് എഫ്സി സോളിന് സംഭവിച്ചത് വൻ അബദ്ധം. ബൊമ്മകളിൽ ചിലത് സെക്സ് ഡോളുകൾ ആയതോടെയാണ് എഫ്സി സോൾ പുലിവാല് പിടിച്ചത്. ഇതോടെ ആരാധകരോട് മാപ്പ് പറഞ്ഞ് ക്ലബ്ബ് അധികൃതർ രംഗത്തെത്തി.
കളിക്കാരുടെ വലിയ കട്ടൗട്ടുകൾക്ക് മുന്നിലായി പത്തോളം ബൊമ്മകൾ ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. എന്നാൽ ഇതിൽ ചില ബൊമ്മകൾ സെക്സ് ഡോളുകളാണെന്ന് ആരാധകർ കണ്ടെത്തുകയായിരുന്നു. ഇതോടെ സംഭവം വിവാദമായി. ബൊമ്മകൾ വിതരണം ചെയ്ത കമ്പനിക്ക് തെറ്റുപറ്റിയതാണെന്നും സാധാരണ ബൊമ്മകൾക്കൊപ്പം സെക്സ് ഡോളുകൾ ഉൾപ്പെട്ടുപോവുകയായിരുന്നുവെന്നും ക്ലബ് പിന്നീട് വ്യക്തമാക്കി.
'ഞങ്ങൾ ആരാധകരോട് മാപ്പ് ചോദിക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ മനസ്സിന് കുളിർമ നൽകുന്ന എന്തെങ്കിലും കാര്യങ്ങൾ ചെയ്യണമെന്ന് മാത്രമേ ഞങ്ങൾ ഉദ്ദേശിച്ചിരുന്നുള്ളു. അതിനാലാണ് കാണികൾക്ക് പകരം ബൊമ്മകളെ ഗാലറികളിലെ സീറ്റിൽ ഇരുത്തിയത്. എന്നാൽ ഇത് ഇങ്ങനെ അബദ്ധമാകുമെന്ന് കരുതിയില്ല. ഇനി ഒരിക്കലും ഇങ്ങനെ ഒരു സംഭവം ആവർത്തിക്കാതിരിക്കാൻ ശ്രമിക്കാം.' ക്ലബ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കൊറോണ വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ഫുട്ബോൾ മത്സരങ്ങൾ ദക്ഷിണ കൊറിയയിൽ കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. കെ-ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ ജോൻബക് മോട്ടോഴ്സും സുവോൺ ബ്ലൂവിങ്സും തമ്മിൽ നടന്ന മത്സരത്തിൽ ജോൻബക് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. 2002 ലോകകപ്പിനായി നിർമിച്ച സ്റ്റേഡിയത്തിൽ കാണികളില്ലാതെയാണ് മത്സരം നടന്നത്. നിലവിൽ ഫുട്ബോൾ മത്സരങ്ങളൊന്നും നടക്കാത്തതിനാൽ 10 രാജ്യങ്ങളിലാണ് കെ-ലീഗ് തത്സമയ സംപ്രേഷണം ചെയ്യുന്നത്.
Content Highlights: K Leagues FC Seoul use sex dolls to fill up empty stands