ടൂറിന്‍: ഇറ്റാലിയന്‍ സീരി എ ലീഗിലെ എ.സി. മിലാന്റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് യുവന്റസ്. തോല്‍വിയറിയാതെ തുടര്‍ച്ചയായി 27 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മിലാനെ യുവന്റസ് ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്ക് കീഴടക്കി.
മത്സരം തുടങ്ങി 18-ാം മിനിട്ടില്‍ ഫെഡെറിക്കോ ചിയേസയിലൂടെ യുവന്റസ് ആദ്യ ഗോള്‍ നേടി ലീഡെടുത്തു. എന്നാല്‍ 41-ാം മിനിട്ടില്‍ ദാവിദെ കലബ്രിയയിലൂടെ മിലാന്‍ സമനില ഗോള്‍ കണ്ടെത്തി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരുടീമുകളും ഓരോഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
എന്നാല്‍ രണ്ടാം പകുതിയില്‍ യുവന്റസിന്റെ ആക്രമണത്തിന് മൂര്‍ച്ച കൂടി. 62-ാം മിനിട്ടില്‍ ചിയെസ വീണ്ടും യുവന്റസിനെ മുന്നിലെത്തിച്ച് രണ്ടാം ഗോള്‍ നേട്ടം ആഘോഷിച്ചു. പിന്നാലെ 76-ാം മിനിറ്റിൽ വെസ്റ്റണ്‍ മക്കെന്നി ടീമിനായി മൂന്നാം ഗോള്‍ നേടി. ഈ വിജയത്തോടെ യുവന്റസ് പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. തോല്‍വി വഴങ്ങിയെങ്കിലും മിലാന്‍ തന്നെയാണ് പട്ടികയില്‍ ഒന്നാമത്.
താരങ്ങള്‍ക്ക് പറ്റിയ പരിക്കുകളാണ് മിലാനെ തളര്‍ത്തിയത്. ടീമിന്റെ കുന്തമുനയായ സ്ലാട്ടണ്‍ ഇബ്രഹാമോവിച്ച് അടക്കമുള്ള താരങ്ങള്‍ ടീമിനായി കളിക്കാന്‍ ഇറങ്ങിയില്ല. മറ്റു മത്സരങ്ങളില്‍ ശക്തരായ ഇന്റര്‍മിലാനെ സാംപ്‌ദോറിയ അട്ടിമറിച്ചപ്പോള്‍ നാപ്പോളിയും തോല്‍വി വഴങ്ങി.
Content Highlights: Juventus win 3-1 at Milan to end Rossoneri’s unbeaten run