ടൂറിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടങ്ങള്‍. ആരാധകര്‍ കാത്തിരിക്കുന്ന ബാര്‍സലോണ യുവന്റസ് പോരാട്ടം ഇന്ന് നടക്കും. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളായ മെസ്സിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുന്ന മത്സരം എന്ന പേരിലാണ് ഈ പോരാട്ടം പ്രസിദ്ധമായതെങ്കിലും ഇന്ന് റൊണാള്‍ഡോ കളിക്കില്ല. കോവിഡ് ബാധിച്ചതിനാല്‍ താരം ഐസൊലേഷനിലാണ്. 1.30 ന് യുവന്റസിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ചാണ് മത്സരം അരങ്ങേറുക.

യുവന്റസിലെത്തിയതിനുശേഷം മെസ്സിയും റൊണാള്‍ഡോയും ഇതുവരെ ഏറ്റുമുട്ടിയിട്ടില്ല. റൊണാള്‍ഡോ കളിക്കാത്ത സ്ഥിതിയ്ക്ക് പൗളോ ഡിബാലയ്ക്കാകും യുവന്റസിന്റെ ആക്രമണത്തിന്റെ ചുമതല. മറുവശത്ത ചിരവൈരികളായ റയലിനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് മെസ്സിയും സംഘവും ഇന്നിറങ്ങുന്നത്. 

മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ശക്തരായ പി.എസ്.ജിയെ തറപറ്റിച്ചതിന്റൈ ആവേശത്തിലാണ് മഗ്വയറും സംഘവും ഇന്ന് കളിക്കുന്നത്. കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകളായ ലെയ്പ്‌സിഗാണ് യുണൈറ്റഡിന്റെ എതിരാളികള്‍. 

മറ്റുമത്സരങ്ങളില്‍ ചെല്‍സി ക്രസാനോഡാറിനെയും പി.എസ്.ജി ഇസ്താംബൂള്‍ ബസക്‌സെഹിറിനെയും ഡൈനാമോ കീവ് ഫെറെന്‍സ്വാരോസിനെയും ഡോര്‍ട്ട്മുണ്ട് സെനിത്തിനെയും സെവിയ്യ റെന്നെസിനെയും ലാസിയ ക്ലബ് ബ്രഗ്ജിനെയും നേരിടും. 

Content Highlights: Juventus will face Barcelona in UEFA Champions league match