ടൂറിന്‍: ചാമ്പ്യന്‍സ് ലീഗില്‍ അവസാന എട്ടിലെത്താനാകാതെ പുറത്തായതിന് പിന്നാലെ മൗറീസിയോ സാറിയെ പുറത്താക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ആന്ദ്രേ പിര്‍ലോയെ പരിശീലകനായി നിയമിച്ച് യുവെന്റസ്. ഫ്രഞ്ച് ക്ലബ്ബ് ലിയോണിനോട് തോറ്റ് ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിന് പിന്നാലെയായിരുന്നു ക്ലബ്ബ് സാറിയെ പുറത്താക്കിയത്. 

മുന്‍ യുവെന്റസ് താരം കൂടിയായ പിര്‍ലോ ഇതാദ്യമായാണ് ഒരു സീനിയര്‍ പരിശീലക കുപ്പായമണിയുന്നത്. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. നേരത്തെ യുവെന്റസ് അണ്ടര്‍-23 ടീമിന്റെ പരിശീലകനായി പിര്‍ലോയെ നിയമിച്ചിരുന്നു. 2011 മുതല്‍ 2015 വരെ യുവെന്റസിനായി കളിച്ച താരമാണ് പിര്‍ലോ. പിന്നീട് 2017 വരെ അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറി ന്യൂയോര്‍ക്ക് സിറ്റാക്കായി കളിച്ചു. ആ വര്‍ഷം തന്നെ വിരമിക്കുകയും ചെയ്തു.

പരിശീലകനായ അനുഭവം ഇല്ലാതിരുന്നിട്ടും റയല്‍ മാഡ്രിഡില്‍ സിനദിന്‍ സിദാന്‍ പുറത്തെടുത്ത മികവ് യുവെയില്‍ പിര്‍ലോയ്ക്ക് ആവര്‍ത്തിക്കാനാകുമെന്നാണ് ക്ലബ്ബിന്റെ പ്രതീക്ഷ. 

എ.സി മിലാനൊപ്പം രണ്ട് ചാമ്പ്യന്‍സ് ലീഗ് നേട്ടങ്ങളില്‍ പങ്കാളിയായ പിര്‍ലോ മിലാനൊപ്പം രണ്ടു തവണയും യുവെയ്‌ക്കൊപ്പം നാലു തവണയും സീരി എ കിരീടം നേടിയിട്ടുണ്ട്. 2006-ല്‍ ലോകകപ്പ് നേടിയ ഇറ്റാലിയന്‍ ടീമിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

നേരത്തെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും ടീമിലെത്തിച്ച യുവെന്റസ് ഇത്തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുക എന്ന ലക്ഷ്യത്തിലായിരുന്നു സീസണ്‍ തുടങ്ങിയത്. എന്നാല്‍ ഇറ്റാലിയന്‍ ലീഗ് കിരീടമായ സീരി എ മാത്രമാണ് സാരിയുടെ പരിശീലനത്തിന് കീഴില്‍ യുവന്റസിന് നേടാനായത്.

Content Highlights: Juventus hired ex club player Andrea Pirlo to replace fired Sarri