ടൂറിന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ യുവന്റസിന് തകര്‍പ്പന്‍ വിജയം. സ്‌പെസിയയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് കീഴടക്കിയാണ് യുവന്റസ് വിജയം ആഘോഷിച്ചത്.

ടീമിനായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ആല്‍വാരോ മൊറാട്ട, ഫെഡെറിക്കോ ചിയേസ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഈ വിജയത്തോടെ യുവന്റസ് കിരീടപ്രതീക്ഷ നിലനിര്‍ത്തി. കഴിഞ്ഞ ഒന്‍പത് സീസണുകളിലും യുവന്റസ് തന്നെയാണ് സീരി എ കിരീടം ചൂടിയത്. തുടര്‍ച്ചയായ പത്താം കിരീടമാണ് ടീം ലക്ഷ്യം വെയ്ക്കുന്നത്. 

രണ്ടാം പകുതിയിലാണ് ഗോളുകള്‍ പിറന്നത്. 62-ാം മിനിട്ടില്‍ മൊറാട്ടയിലൂടെ യുവന്റസ് ആദ്യ ഗോള്‍ നേടി. ഫെഡെറിക്കോയുടെ പാസ്സില്‍ നിന്നാണ് ഗോള്‍ പിറന്നത്. 71-ാം മിനിട്ടില്‍ ചിയേസയിലൂടെ യുവന്റസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ റൊണാള്‍ഡോ മൂന്നാം ഗോള്‍ നേടി. താരം ഈ സീസണില്‍ നേടുന്ന 20-ാം ഗോളാണിത്. ഈ ഗോളോടെ വലിയൊരു റെക്കോഡ് ക്രിസ്റ്റിയാനോ സ്വന്തമാക്കി.

തുടര്‍ച്ചയായി 12 സീസണുകളില്‍ വിവിധ ടീമുകള്‍ക്കായി 20 ലീഗ് ഗോളുകള്‍ നേടുന്ന താരം എന്ന റെക്കോഡാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. ഈ വിജയത്തോടെ യുവന്റസ് 24 മത്സരങ്ങളില്‍ നിന്നും 49 പോയന്റുകളുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള മിലാന് 52 പോയന്റുകളാണുള്ളത്. 56 പോയന്റുകളുമായി ഇന്റര്‍ മിലാനാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്.

Content Highlights: Juventus boost hopes of 10th straight title with win over Spezia