ബാഴ്‌സലോണ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തിയതോടെ ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസ് ചാമ്പ്യന്‍സ് ലീഗ് ഫേവറിറ്റുകളായെന്ന് ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സി. 

ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരം ആരെന്ന കാര്യത്തില്‍ ഇരുവരും തമ്മില്‍ ആരോഗ്യകരമായ മത്സരം നടക്കുന്നതിനിടെയാണ് റൊണാള്‍ഡോയെ സംബന്ധിക്കുന്ന പ്രസ്താവനയുമായി മെസ്സി രംഗത്തെത്തിയിരിക്കുന്നത്. കാറ്റലൂണിയോ റേഡിയോക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു മെസ്സിയുടെ പ്രതികരണം.

റൊണാള്‍ഡോയുടെ വരവോടെ യുവെന്റസാണ് ഇപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ഫേവറിറ്റുകള്‍. നേരത്തെ തന്നെ അവര്‍ക്ക് മികച്ചൊരു ടീമുണ്ട്. റൊണാള്‍ഡോ എത്തിയതോടെ അത് വര്‍ധിക്കുകയാണ് ഉണ്ടായതെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു. 

റൊണാള്‍ഡോ റയല്‍ വിട്ട് മറ്റൊരു ക്ലബ്ബിലേക്കു പോവുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും മെസ്സി വെളിപ്പെടുത്തി. ശരിക്കും അദ്ഭുതപ്പെടുത്തിയ തീരുമാനമായിരുന്നു അത്. പ്രത്യേകിച്ചും റയല്‍ വിട്ട് യുവെന്റസുമായി അദ്ദേഹം കരാര്‍ ഒപ്പുവെയ്ക്കുമെന്ന് തീരെ കരുതിയില്ല. റൊണാള്‍ഡോയുടെ സാന്നിധ്യം യുവെന്റസിനെ കൂടുതല്‍ അപകടകാരികളാക്കുമെന്നും മെസ്സി ചൂണ്ടിക്കാട്ടി. 

അതേസമയം റൊണാള്‍ഡോ പോയതോടെ റയലിന്റെ കരുത്ത് കുറഞ്ഞതായും മെസ്സി പറഞ്ഞു. റൊണാള്‍ഡോയുടെ അഭാവം മുതലാക്കാന്‍ തന്നെയാണ് ബാഴ്സയുടെ ശ്രമം. എല്‍ ക്ലാസിക്കോയില്‍ മുമ്പത്തേതു പോലെ തങ്ങള്‍ക്കു വെല്ലുവിളിയുയര്‍ത്താന്‍ ഇനി റയലിനാവില്ലെന്നും മെസ്സി ചൂണ്ടിക്കാട്ടി.

Content Highlights: juventus are favourites to win champions league after ronaldo signing messi