മിഷിഗണ്‍: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍ താരം മുഹമ്മദ് സലയെ പരിക്കേല്‍പ്പിച്ച റയല്‍ മാഡ്രിഡിന്റെ സെര്‍ജിയോ റാമോസിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ്. അലിവില്ലത്താവനും ക്രൂരനുമെന്നാണ് റാമോസിനെ ക്ലോപ്പ് വിശേഷിപ്പിച്ചത്. ഇതാദ്യമായാണ് ക്ലോപ്പ് ആ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുന്നത്. മിഷിഗണിലെ ഡെട്രോയിറ്റിലെ ടീം ഹോട്ടലില്‍ നടന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ക്ലോപ്പ്. 

നിങ്ങള്‍ ആ കുപ്പി വീണ്ടും തുറക്കുകയാണോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ക്ലോപ്പിന്റെ ആദ്യ മറുപടി. വീണ്ടും ആ മത്സരം കാണുകയാണെങ്കിലും നിങ്ങള്‍ റയല്‍ മാഡ്രിഡിനൊപ്പം നില്‍ക്കില്ല. അത്രയ്ക്ക് ദയാരഹിതവും ക്രൂരവുമായിരുന്നു അത്. ഗുസ്തിക്കാരനെപ്പോലെയാണ് റാമോസ് കളിക്കളത്തില്‍ പെരുമാറിയത്. ഗോള്‍കീപ്പര്‍ കാരിയസിനേയും സലായേയും റാമോസ് ലക്ഷ്യമിടുകയായിരുന്നു. ക്ലോപ്പ് വ്യക്തമാക്കി. മത്സരത്തില്‍ സെര്‍ബിയന്‍ റഫറി മിലൊറാദ് മാസിച്ചിന്റെ തീരുമാനത്തേയും ക്ലോപ്പ് വിമര്‍ശിച്ചു. 

29-ാം മിനിറ്റില്‍ റാമോസുമായുള്ള ചലഞ്ചില്‍ തോളിന് പരിക്കേറ്റ സലാ കളി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നാല് മിനിറ്റിന് ശേഷം വേദന സഹിക്കാനാകാതെ കണ്ണീരോടെ സലാ ഗ്രൗണ്ട് വിട്ടു. ലിവര്‍പൂളിന്റെ ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്നത്തില്‍ കരിനിഴല്‍ വീഴ്ത്തിയായിരുന്നു ആ മടക്കം. 

Content Highlights: Jurgen Klopp labels Sergio Ramos ruthless and brutal Champions League