കൊച്ചി: കേരളത്തിലെ കുരുന്നുകള്‍ക്ക് ഫുട്‌ബോളിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ അര്‍ജന്റീനയുടെ ലോകകപ്പ് താരമെത്തുന്നു. 1986 ലോകകപ്പില്‍ അര്‍ജന്റീന കിരീടമണിഞ്ഞപ്പോള്‍ ടീമിന്റെ പ്രതിരോധം കാത്ത ജൂലിയോ ഒലാര്‍ട്ടികോഷ്യയാണ് കേരളത്തെ ഫുട്‌ബോള്‍ പഠിപ്പിക്കാനെത്തുന്നത്. 

കൊച്ചിയിലെ ക്വാര്‍ട്ട്‌സ് ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അക്കാദമിയുടെ പരിശീലകനായി കേരളത്തിലെത്തുന്ന ഒലാര്‍ട്ടികോഷ്യ അഞ്ചു മുതല്‍ 16 വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുക. നിലവില്‍ അര്‍ജന്റീനയുടെ അണ്ടര്‍-23 ടീമിന്റെ പരിശീലകനായ ഒലാര്‍ട്ടികോഷ്യ 1986ല്‍ മറഡോണയ്‌ക്കൊപ്പം കിരീടം നേടിയത് കൂടാതെ 1982, 1990 ലോകകപ്പുകളിലും അര്‍ജന്റീനയുടെ പ്രതിരോധത്തില്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന സേഠ് നാഗ്ജി ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീന അണ്ടര്‍-23 ടീമിന്റെ പരിശീലകനായി ഒാലര്‍ട്ടിക്കോഷ്യ കേരളത്തിലെത്തിയിരുന്നു. 

അന്താരാഷ്ട്ര നിലവാരത്തില്‍ പരിശീലനം നല്‍കുന്നതിനൊപ്പം കുട്ടികള്‍ക്ക് പ്രൊഫഷണല്‍ മത്സരങ്ങളില്‍ കളിച്ച് കഴിവ് തെളിയിക്കാനുള്ള അവസരമാണ് കൊച്ചി ആസ്ഥാനമായെത്തുന്ന ക്വാര്‍ട്ട്‌സ് അക്കാദമി ഒരുക്കുന്നത്. ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ കീഴിലുള്ള എല്ലാ ലീഗ് മത്സരങ്ങളിലും ക്വാര്‍ട്ട്സ് എഫ്.സി.യുടെ സാന്നിദ്ധ്യമുണ്ടാകുമെന്ന് ക്വാര്‍ട്ട്സ് എഫ്.സി. സി.ഇ.ഒ പി. ഹരിദാസും, ഡയറക്ടര്‍ പി. പ്രയേഷ്‌കുമാറും ഉറപ്പ് നല്‍കുന്നു. 

Julio Olarticoechea

കൊച്ചിയില്‍ ആല്‍ഫാ സ്പോര്‍ട്ട്സ് നോളജ് നെറ്റ്വര്‍ക്കുമായി സഹകരിച്ച് ആറ് ട്രെയ്നിംഗ് സെന്ററുകളാണ് ക്വാര്‍ട്ട്സ് ആരംഭിക്കുന്നത്.  സെന്ററുകളുടെ ദൈനംദിന പ്രവര്‍ത്തനം അര്‍ജന്റീനയില്‍ നിന്നുള്ള ലൈസന്‍സ്ഡ് പരിശീലകന്റെ മേല്‍നോട്ടത്തിലായിരിക്കും. ഈ പരിശീലകന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് ജൂലിയോ ഓലര്‍ട്ടിക്കോഷ്യ ആയിരിക്കും. ഹെഡ് കോച്ചിന് കീഴില്‍ കേരളത്തില്‍ നിന്നുള്ള ലൈസന്‍സ്ഡ് പരിശീലകരെയും നിയമിക്കുന്നുണ്ട്. 

ഹൈദരാബാദിലാണ് നിലവില്‍ ക്വാര്‍ട്ട്സിന് അക്കാദമിയുള്ളത്. ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും ഉടന്‍ അക്കാദമി പ്രവര്‍ത്തിച്ചു തുടങ്ങും. യൂറോപ്പിലെ പ്രമുഖ സ്പോര്‍ട്ട്സ് മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി കളി അറിവുകളും സാങ്കേതികവിദ്യയും പങ്കിടുന്നത് സംബന്ധിച്ച ധാരണയില്‍ ക്വാര്‍ട്ട്സ് എത്തിയിട്ടുണ്ട്.