ചിലിയുടെ പരിശീലകന്‍ യുവാന്‍ ആന്റോണിയോ പിസ്സി ഒറ്റയടിക്ക് ഒന്നും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. 18ാം വയസ്സില്‍ കളിക്കിടെ എതിര്‍ടീമിന്റെ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചു വീണുണ്ടായ പരിക്കില്‍ ഒരു വൃക്ക നഷ്ടപ്പെട്ടിട്ടും കളിതുടര്‍ന്ന പാരമ്പര്യമാണത്. 

ചിലിയുടെ പരിശീലകസ്ഥാനത്തേക്ക് എത്തുമ്പോള്‍ പിസ്സിക്ക് വെല്ലുവിളികള്‍ പലതായിരുന്നു. കഴിഞ്ഞവര്‍ഷം ആദ്യമായി ചിലിയെ കോപ്പ അമേരിക്ക ജേതാക്കളാക്കിയ യോര്‍ഗെ സാംപോളി ദേശീയ ഫെഡറേഷനുമായി പിണങ്ങിയാണ് സ്ഥലംവിട്ടത്. പകരക്കാരനായി പിസ്സിയെ നിയമിക്കുന്നതാകട്ടെ ജനവരി 30നും. കോപ്പ കിരീടം നിലനിര്‍ത്തേണ്ട ടീമിനെ ഒരുക്കാന്‍ പിസ്സിയുടെ മുന്നില്‍ അഞ്ചുമാസം മാത്രം. 

സാന്റിയാഗോ മോര്‍ണിങ്, യൂണിവേഴ്‌സിഡാഡ് കാത്തോലിക്ക എന്നീ ക്ലബ്ബുകളെ പരിശീലിപ്പിച്ച പരിചയം ചിലിയില്‍ പിസ്സിക്കുണ്ട്. കപ്പ് നേടുന്നതിനേക്കാള്‍ പ്രയാസമാണ് നിലനിര്‍ത്താനെന്ന ബോധ്യം പിസ്സിക്കുണ്ടായിരുന്നു. സാംപോളിക്കുകീഴില്‍ കളിച്ചവരെ തന്റെ രീതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമായിരുന്നു ആദ്യം.

ആദ്യമത്സരങ്ങളില്‍ പലതിലും തോറ്റെങ്കിലും അദ്ദേഹം രീതിമാറ്റിയില്ല.2015ലെ കോപ്പ ടൂര്‍ണമെന്റില്‍ കളിച്ച ജോര്‍ജെ വാല്‍ഡിവിയയെ ഒഴിവാക്കിയത് വിവാദവുമായി. എന്നാല്‍ 32 വയസ്സുള്ള വാല്‍ഡിവിയയ്ക്ക് 90 മിനിറ്റും കളിക്കാനാവില്ലെന്നായിരുന്നു പിസ്സിയുടെ വാദം. എന്നാല്‍ മുതിര്‍ന്ന കളിക്കാരായ ഗോള്‍കീപ്പര്‍ ക്ലോഡിയോ ബ്രാവോ, അര്‍ദുറോ വിദാല്‍, അലക്‌സിസ് സാഞ്ചസ്, എഡ്വാര്‍ഡോ വര്‍ഗാസ് എന്നിവരെ അദ്ദേഹം വിശ്വാസത്തിലെടുത്തു.

pizzi

പാനമയ്‌ക്കെതിരെയുള്ള കളിയില്‍ രണ്ടുഗോള്‍ വഴങ്ങിയ ബ്രാവോയെ എല്ലാവരും കുറ്റപ്പെടുത്തിയെങ്കിലും പിസ്സി അതെല്ലാം പ്രതിരോധിച്ചു. മകളുടെ മോശം ആരോഗ്യസ്ഥിതിയും തനിക്കെതിരായ കുറ്റപ്പെടുത്തലിലും ദുഃഖിതനായിരുന്ന ബ്രാവോയ്ക്കുവേണ്ടി അദ്ദേഹം നിലകൊണ്ടു.

യൂണിവേഴ്‌സിഡാഡ് കാത്തോലിക്കയെ പരിശീലിപ്പിക്കുമ്പോള്‍ ടീമിലുണ്ടായിരുന്ന ഡിഫന്‍ഡര്‍മാരായ എന്‍സോ റോകോ, യോസെ പെഡ്രോ ഫ്യുവന്‍സാലിഡ, ഫോര്‍വേഡ് നിക്കോളാസ് കാസ്റ്റില്ലിയോ എന്നിവരെ കോപ്പ ടീമില്‍ ഉള്‍പ്പെടുത്തി. ഗ്രൂപ്പ് മത്സരത്തില്‍ അര്‍ജന്റീനയ്‌ക്കെതിരെയും സെമിയില്‍ കൊളംബിയയ്‌ക്കെതിരെയും ഫ്യുവന്‍സാലിഡ ഗോളടിച്ചു.

അര്‍ജന്റീനയിലാണ് പിസ്സി ജനിച്ചത്. സ്‌പെയിനിലായിരുന്നു ജീവിതം. അദ്ദേഹം പിന്നീട് സ്‌പെയിനിനുവേണ്ടി 1996ലെ യൂറോ കപ്പും 1998ലെ ലോകകപ്പും കളിച്ചു. ബാഴ്‌സലോണയ്‌ക്കൊപ്പം യുവേഫ കപ്പും യുവേഫ സൂപ്പര്‍ കപ്പും ലാ ലിഗയിലെ ചാമ്പ്യന്‍പട്ടവും നേടി. വലന്‍സിയയുടെയും ലിയോണിന്റെയും പരിശീലകനായിരുന്നു. 2018ലെ ലോകകപ്പ് വരെ ചിലിയുടെ പരിശീലകനായി തുടരും.