ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ വിശകലനത്തിനിടെയാണ് ഇത്തവണ ആദ്യ നാലു സ്ഥാനങ്ങളില്‍ ഏതൊക്കെ ടീമുകളാകുമെന്ന ചോദ്യം പോര്‍ച്ചുഗല്‍ പരിശീലകന് ഹോസെ മൗറീന്യോക്കുനേരെ ഉയര്‍ന്നത്. ഒട്ടും താമസിയാതെ മറുപടിവന്നപ്പോള്‍ ഞെട്ടിയത് ഫുട്ബോള്‍ ലോകമാണ്.
മൗറീന്യോയുടെ മറുപടി ഇപ്രകാരമായിരുന്നു. ഒന്നാം സ്ഥാനത്ത് പെപ്പ് ഗാര്‍ഡിയോളയുടെ മാഞ്ചെസ്റ്റര്‍ സിറ്റി, രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ലിവര്‍പൂളും ടോട്ടനവും നാലാം സ്ഥാനത്ത് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ബി ടീം. ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും സിറ്റിയുടെ ബി ടീമിന് ശേഷമുള്ള സ്ഥാനങ്ങളിലെ വരൂ എന്നും മൗറിന്യോ പറയുന്നു.
സിറ്റിയുടെ മത്സരത്തിനിടെ ഡഗ്ഔട്ടിലിരിക്കുന്ന താരങ്ങളുടെ സമ്പന്നതയും അവരുടെ കളിമികവുമാണ് മൗറീന്യോയെ കൗതുകകരമായ നിരീക്ഷണത്തിലേക്ക് നയിച്ചത്. പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ ചെല്‍സിയെയും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെയും പരിശീലിപ്പിച്ചിട്ടുള്ള മൗറീന്യോ സ്കൈ സ്പോര്‍ട്സിന്റെ വിശലകന പരിപാടിയിലാണ് ഞെട്ടിക്കുന്നതും അതേസമയം യാഥാര്‍ഥ്യബോധത്തോടെയുള്ളതുമായ അഭിപ്രായം പറഞ്ഞത്.
ഓരോ പൊസിഷനിലേക്കും മികച്ച രണ്ടു താരങ്ങളെ എടുത്താണ് പെപ്പ് സിറ്റിയെ മുന്നോട്ടുകൊണ്ടുപോകുന്നത്. പ്രീമിയര്‍ ലീഗില്‍ കിരീടം നേടാന്‍ കഴിവുള്ള രണ്ടു ടീമുകളെ കളത്തിലിറക്കാന്‍ സിറ്റിക്ക് കഴിയും.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ രണ്ടു ടീമുകള്‍
(ഫോര്മേഷന് 4-3-3 )
എഡേഴ്സന് (ഗോള്‍ കീപ്പര്‍), കെയ്ല്‍ വാക്കര്‍, ജോണ്‍ സ്റ്റോണ്‍സ്, ഒലെക്സാന്‍ഡര്‍ ഷിന്‍ചെങ്കോ, എയ്മറിക് ലാപോര്‍ട്ടെ (പ്രതിരോധം), ഫെര്‍ണാണ്ടീന്യോ, ഡേവിഡ് സില്‍വ, കെവിന് ഡി ബ്രുയ്ന് (മധ്യനിര) ബര്‍ണാണ്ടോ സില്‍വ, സെര്‍ജിയോ അഗ്യൂറോ, റഹീം സ്റ്റര്‍ലിങ് (മുന്നേറ്റം)
ബി ടീം: ക്ലോഡിയോ ബ്രാവോ (ഗോള്‍ കീപ്പര്‍), ജാവോ കാന്‍സലോ, നിക്കോളസ് ഒട്ടാമെന്‍ഡി, എറിക് ഗാര്‍ഷ്യ, ബെഞ്ചമിന്‍ മെന്‍ഡി (പ്രതിരോധം), റോഡ്രി, ഇല്‍കേ ഗുണ്ടോഗന്, ഫില്‍ ഫോഡന് (മധ്യനിര) റിയാദ് മഹ്റെസ്, ഗബ്രിയേല്‍ ജീസസ്, ലിറോയ് സാനെ (മുന്നേറ്റം)
Content Highlights: Jose Mourinho EPL 2019 Manchester City