ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോട്‌സ്പറിന് വീണ്ടും തോല്‍വി. ഇത്തവണ ചെല്‍സിയാണ് ടോട്ടനത്തെ കീഴടക്കിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ചെല്‍സി ടോട്ടനത്തെ തോല്‍പ്പിച്ചത്.

മത്സരത്തിന്റെ 24-ാം മിനിറ്റിൽ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജോര്‍ജീന്യോയാണ് ടീമിനായി വിജയഗോള്‍ നേടിയത്. ഈ സീസണില്‍ ടോട്ടനം വഴങ്ങുന്ന തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ഒരു ഘട്ടത്തില്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ടീമായിരുന്നു ടോട്ടനം.

സൂപ്പര്‍താരം ഹാരി കെയ്ന്‍ പരിക്കേറ്റ് പുറത്തായതോടെ ടോട്ടനത്തിന്റെ ശനിദശയും തുടങ്ങി. കെയ്ന്‍ ഇല്ലാതെ കളിച്ച കഴിഞ്ഞ മത്സരങ്ങളില്‍ ടോട്ടനം തോല്‍വി വഴങ്ങി. 

നിലവില്‍ 21 മത്സരങ്ങളില്‍ നിന്നും 33 പോയന്റുള്ള ടോട്ടനം പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് വീണു. എന്നാല്‍ പുതിയ കോച്ച് തോമസ് തുച്ചലിന്റെ പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ചെല്‍സി പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കുതിച്ചു. 22 മത്സരങ്ങളില്‍ നിന്നും 36 പോയന്റാണ് ടീമിനുള്ളത്. 

ടോട്ടനത്തിന് അടുത്ത മത്സരം എളുപ്പമാണെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെയും എവര്‍ട്ടണിനെയും നേരിടേണ്ടിവരും. നിലവില്‍ പോയന്റ് പട്ടികയില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയാണ് ഒന്നാമത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് രണ്ടാമതും ലെസ്റ്റര്‍ മൂന്നാമതും നില്‍ക്കുന്നു.

Content Highlights: Jorginho scores from the spot as Chelsea pile more misery on Tottenham