ഈസ്താംബൂള്‍: യുവേഫയുടെ കഴിഞ്ഞ സീസണിലെ മികച്ച താരമായി ചെല്‍സിയുടെ ഇറ്റാലിയന്‍ മധ്യനിരതാരം ജോര്‍ജീന്യോ തിരഞ്ഞെടുക്കപ്പെട്ടു. ചെല്‍സിയുടെ ചാമ്പ്യന്‍സ് ലീഗ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരം ഇറ്റലിയുടെ യൂറോകപ്പ് വിജയത്തിലും തിളങ്ങി. ഇവയെല്ലാം ജോര്‍ജീന്യോയയുടെ നേട്ടത്തിന് മാറ്റുകൂട്ടി. ഇതാദ്യമായാണ് താരം യുവേഫ പുരസ്‌കാരം സ്വന്തമാക്കുന്നത്. 

ബാഴ്‌സലോണയുടെ സ്പാനിഷ് താരം അലെക്‌സിയ പുട്ടെല്ലാസ് മികച്ച വനിതാതാരമായി. ചെല്‍സിയുടെ തോമസ് ടുച്ചലാണ് മികച്ച പരിശീലകന്‍. ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ചതാണ് ടുച്ചലിനെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്. 

ഏറ്റവുമധികം പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയ ക്ലബ് ചെല്‍സിയാണ്. മികച്ച പുരുഷതാരം, മികച്ച പരിശീലകന്‍, എന്നിവയ്ക്ക് പുറമേ മികച്ച ഗോള്‍കീപ്പര്‍, മികച്ച മധ്യനിരതാരം എന്നീ അവാര്‍ഡുകളും ചെല്‍സി സ്വന്തമാക്കി. മികച്ച ഗോള്‍കീപ്പറായി എഡ്വാര്‍ഡ് മെന്‍ഡിയും മികച്ച മധ്യനിരതാരമായി എന്‍ഗോളെ കാന്റെയും തെരെഞ്ഞെടുക്കപ്പെട്ടു. 

മാഞ്ചെസ്റ്റര്‍ സിറ്റിയുടെ റൂബന്‍ ഡയസ്സാണ് മികച്ച പ്രതിരോധതാരം. മികച്ച മുന്നേറ്റതാരമായി ബൊറൂസ്സിയ ഡോര്‍ട്മുണ്ടിന്റെ ഗോളടിയന്ത്രം എര്‍ലിങ് ഹാളണ്ടിനെ തെരെഞ്ഞെടുത്തു. ചാമ്പ്യന്‍സ് ലീഗില്‍ എട്ടുമത്സരങ്ങളില്‍ നിന്നായി 10 ഗോളുകളാണ് താരം നേടിയത്.

Content Highlights: Jorginho and Alexia Putellas Win UEFA Player of the Year Awards