ലിസ്ബണ്‍: പോര്‍ച്ചുഗല്‍ ക്ലബ്ബായ പോര്‍ട്ടോയുടെ മെക്‌സിക്കന്‍ മിഡ്ഫീല്‍ഡര്‍ ജെസ്യൂസ് മാനുവല്‍ കൊറോണയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം. ലോകത്തെ ആകെ തകിടംമറിക്കുന്ന വൈറസായ കൊറോണയുടെ പേരുള്ള ഈ താരം പോര്‍ച്ചുഗീസ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോളടിച്ചു. സി.എസ് മാരിട്ടിമോയ്‌ക്കെതിരേ കൊറോണയടിച്ച ഏകഗോളില്‍ വിജയിച്ച പോര്‍ട്ടോ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

ഫെമലിക്കാവോയ്ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലും കൊറോണ ഗോളടിച്ചിരുന്നു. ആ മത്സരം 2-1ന് പോര്‍ട്ടോ തോറ്റു. എന്നാല്‍, ഇത്തവണ ടീമിന്റെ വിജയതാരമായി കൊറോണ മാറി. ആറാം മിനിറ്റിലായയിരുന്നു ഗോള്‍. ഇതോടെ 26 കളികളില്‍നിന്ന് പോര്‍ട്ടോയ്ക്ക് 63 പോയന്റായി. 61 പോയന്റോടെ ബെന്‍ഫിക്കയാണ് രണ്ടാം സ്ഥാനത്തുണ്ട്.

കൊറോണയുടെ പുകില്‍ മുമ്പും

വിങ് ബാക്കായ കൊറോണ കഴിഞ്ഞ അഞ്ച് സീസണുകളിലായി പോര്‍ട്ടോക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. മെക്സിക്കോ ടീമിനായി 42 മത്സരവും കളിച്ചു. പോര്‍ട്ടോക്കായി 213 കളിയില്‍ നിന്ന് 28 ഗോളും ദേശീയ ടീമിനായി ഏഴ് ഗോളും നേടി. ക്ലബ്ബ് കരിയറില്‍ ഇതുവരെ 323 കളികളില്‍ നിന്ന് 50 ഗോള്‍ സ്വന്തമാക്കിയിട്ടുണ്ട്. 

കൊറോണയെന്ന പേരാണ് ഇപ്പോള്‍ താരത്തെ പ്രശസ്തനാക്കുന്നതെങ്കില്‍ 2012 ക്ലബ്ബ് ലോകകപ്പില്‍ മെക്സിക്കോ ക്ലബ്ബ് മൊണ്ടെറോക്കായി കളിക്കുമ്പോള്‍ ഈ പേര് തന്നെ ടീം കിറ്റില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. മെക്സിക്കോയിലെ പ്രധാന ബിയര്‍ ബ്രാന്‍ഡിന്റെ പേരാണ് കൊറോണ. ടീമിന്റെ കിറ്റ് സ്പോസണ്‍സര്‍ മറ്റൊരു മദ്യക്കമ്പനിയായിരുന്നു. പ്രധാന എതിരാളിയായ കൊറോണയുടെ പേര് കിറ്റില്‍ ഉപയോഗിക്കുന്നതിനെ സ്പോണ്‍സര്‍ എതിര്‍ത്തു. ഇതോടെ ജെസ്യൂസ് സി എന്ന പേരാണ് കിറ്റില്‍ ഉപയോഗിച്ചത്.

Content Highlights: Jesus Corona strikes against cs maritimo as FC Porto move top of Primeira Liga