രോ ടീമും പുതിയ ജഴ്‌സി അവതരിപ്പിക്കുന്നത് എങ്ങനെയാണ്? സാധാരണയായി ആ ടീമിലെ താരങ്ങള്‍ ജഴ്‌സി അണിഞ്ഞുള്ള ഫോട്ടോഷൂട്ട് നടത്തും. ഈ ചിത്രങ്ങളോടെ പുതിയ ജഴ്‌സി അവതരിപ്പിക്കും. എന്നാല്‍ തുര്‍ക്കി ക്ലബ്ബായ ട്രാബ്‌സോന്‍സ്പറിന്റെ ജഴ്‌സി അവതരണം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. അത്രയ്ക്ക് മനോഹരമായ ഒരു വീഡിയോയാണ് അവര്‍ പുറത്തിറക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ഫുട്‌ബോള്‍ ഗ്രൂപ്പുകളിലും ഈ വീഡിയോ നിരവധി ആരാധകരാണ് പങ്കുവെച്ചത്.

തുര്‍ക്കിയിലെ ഏതോ ഒരു ഗ്രാമത്തില്‍ കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. എന്നാല്‍ ഒരാള്‍ മാത്രം വരാന്തയില്‍ ഇരുന്ന് ഈ കളി കാണുന്നു. അവന് ജഴ്‌സി ഇല്ലാത്തതിനാല്‍ ആരും കളിക്കാന്‍ കൂട്ടുന്നില്ല. ആ സങ്കടം മായ്ക്കാന്‍ അവന്‍ ഒരു സൂത്രം കണ്ടെത്തുന്നതാണ് പിന്നീട്. ഒരു ടീഷര്‍ട്ട് എടുത്ത് അതില്‍ തുര്‍ക്കി മെസ്സി എന്നറിയപ്പെടുന്ന അബ്ദുല്‍ ഖാദിര്‍ ഉമറിന്റെ പേരും പത്താം നമ്പറും കളര്‍ പേന കൊണ്ട് എഴുതിച്ചേര്‍ക്കും. എന്നിട്ട് ആരും കാണാതെ ആ ടീഷര്‍ട്ട് വീട്ടില്‍ സൂക്ഷിക്കും. പിന്നീട് കളിക്കാന്‍ വേണ്ടി ആ ടീ ഷര്‍ട്ട് എടുത്തു നോക്കുമ്പോള്‍ ട്രാബ്‌സോന്‍സ്പറിന്റെ പുതിയ ജഴ്‌സിയാണ് അവിടെ കാണുക. അവന്‍ ആകെ അമ്പരക്കും. സന്തോഷത്താല്‍ കണ്ണുകള്‍ വിടരും. അവന്‍ അറിയാതെ അവന്റെ അമ്മയാണ് സ്വന്തമായി നെയ്ത് പുതിയൊരു ജഴ്‌സിഅവന്‍ സൂക്ഷിച്ച ടീഷര്‍ട്ടിന്റെ സ്ഥാനത്ത് വെയ്ക്കുന്നത്. 

ഈ വീഡിയോ കണ്ട് ബാഴ്‌സലോണയുടെ സ്പാനിഷ് താരം ജെറാര്‍ഡ് പീക്വേ ട്വിറ്ററില്‍ എഴുതിയത് ഇങ്ങനെയാണ്..'നിങ്ങള്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുകയും ഒരിക്കലെങ്കിലും തെരുവില്‍ കളിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ കണ്ണ് നനയും. മനോഹരം!'. 

 

Content Highlights: Jersey ad Trabzonspor hails Gerard Pique