ബെർലിൻ: ജർമനിയിൽ ഏർപെടുത്തിയ ലോക്ക്ഡൗണ്‍ ലംഘിച്ച ഫുട്ബോൾ താരം ജെറോ ബോട്ടെങ്ങിന് പിഴയിട്ട് ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്. ക്ലബ്ബ് അധികൃതരെ അറിയിക്കാതെ അസുഖമുള്ള മകനെ കാണാൻ ബോട്ടെങ് ലെയ്പിഗിലുള്ള വീട്ടിലേക്ക് പോകുകയായിരുന്നു. എന്നാൽ മ്യൂണിക്കിലേക്കുള്ള മടക്കയാത്രയിൽ ബോട്ടെങ്ങിന്റെ കാർ അപകടത്തിൽപെട്ടു. ഇതോടെ താരം ക്വാറന്റൈൻ ലംഘിച്ച വിവരം ക്ലബ്ബ് അധികൃതർ അറിഞ്ഞു.

താരത്തിൽ നിന്ന് എത്ര പണമാണ് പിഴയായി ചുമത്തിയതെന്ന് ക്ലബ്ബ് അധികൃതർ വ്യക്തമാക്കിയില്ലെങ്കിൽ ഈ പണം കൊറോണ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്ന ജർമനിയിലെ ആശുപത്രികൾക്ക് നൽകുമെന്ന് ബയേൺ മ്യൂണിക്ക് വ്യക്തമാക്കി.

പിഴ ഈടാക്കിയുള്ള ക്ലബ്ബിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്ന് വ്യക്തമാക്കിയ ബോട്ടെങ് ഈ തീരുമാനം വേദനാജനകമാണെന്നും പ്രതികരിച്ചു. മ്യൂണിക് വിടുന്ന കാര്യ ക്ലബ്ബിനെ അറിയിക്കാതിരുന്നത് പിഴവാണെന്ന് അറിയാമായിരുന്നു. പക്ഷേ അസുഖമുള്ള മകന്റെ മുഖം മാത്രമേ അപ്പോൾ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ എന്നും ബോട്ടെങ് പറഞ്ഞു.

ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് 2011-ലാണ് പ്രതിരോധ താരമായ ബോട്ടെങ് ബയേണിലെത്തുന്നത്. ക്ലബ്ബിനായി ഇതുവരെ ഇരുന്നൂറിലധികം മത്സരം കളിച്ചിട്ടുണ്ട്. 2014-ൽ ലോകകപ്പ് നേടിയ ജർമൻ ടീമിലും ബോട്ടെങ് അംഗമായിരുന്നു.

content highlights: Jerome Boateng Lands In Trouble After Car Crash, Bayern Munich Fines German Star