ബുഡാപെസ്റ്റ്: ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും ഏറ്റുമുട്ടുന്ന യുവേഫ സൂപ്പര്‍ കപ്പ് ഫുട്ബോൾ കിരീടം സ്വന്തമാക്കി ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്ക്. 

യൂറോപ്പിലെ രണ്ട് പ്രധാന ടൂര്‍ണമെന്റുകളിലെ ജേതാക്കളാണ് കിരീടത്തിനായി ഏറ്റുമുട്ടുക. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബയേണ്‍ യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. 

ഹംഗറിയിലെ ബുഡാപെസ്റ്റ് പുഷ്‌കാസ്‌ അരീനയില്‍ നടന്ന മത്സരത്തില്‍ എക്‌സ്ട്രാ ടൈമിലെ ഗോളിലായിരുന്നു ഹാന്‍സ് ഫ്‌ളിക്കിന്റെ ടീമിന്റെ വിജയം.

വമ്പന്‍ ജയങ്ങള്‍ നേടി വന്ന ജര്‍മന്‍ ടീമിനെതിരേ ആദ്യം സ്‌കോര്‍ ചെയ്ത സെവിയ്യ അവസാന നിമിഷം വരെ പൊരുതിയ ശേഷമാണ് കീഴടങ്ങിയത്. തുടക്കത്തില്‍ തന്നെ ആക്രമണത്തിന് മുതിര്‍ന്ന സ്പാനിഷ് ടീം 13-ാം മിനിറ്റില്‍ ലൂക്കാസ് ഒക്കാംപോസിന്റെ ഗോളിലൂടെ ലൂഡെടുത്തു. പിന്നാലെ ആക്രമിച്ചു കളിച്ച ബയേണ്‍ 34-ാം മിനിറ്റില്‍ ലിയോണ്‍ ഗൊറെട്‌സ്‌കയിലൂടെ സമനില പിടിച്ചു. 

51-ാം മിനിറ്റില്‍ സൂപ്പര്‍ താരം ലെവന്‍ഡോവ്‌സ്‌കി ബയേണിനായി പന്ത് വലയിലെത്തിച്ചെങ്കിലും വാര്‍ പരിശോധിച്ച റഫറി ഓഫ് സൈഡ് വിധിക്കുകയായിരുന്നു.

പിന്നീട് അധിക സമയത്തേക്ക് നീണ്ട മത്സരത്തിന്റെ 104-ാം മിനിറ്റിലാണ് ബയേണിന്റെ കിരീടമുറപ്പിച്ച ഗോള്‍ വന്നത്. ഡേവിഡ് അലാബയുടെ അസിസ്റ്റില്‍ നിന്ന് ജാവി മാര്‍ട്ടിനസാണ് അവരുടെ വിജയഗോള്‍ നേടിയത്.

Content Highlights: Javi Martinez heads Bayern Munich beat Sevilla to win UEFA Super Cup