ഭുവനേശ്വര്‍: ഐ.എസ്.എല്‍. ചാമ്പ്യന്മാരായ ചെന്നൈ എഫ്.സിക്ക് പിന്നാലെ ഐ ലീഗ് ചാമ്പ്യന്മാരായ മിനര്‍വ എഫ്.സി. പഞ്ചാബും പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ നിന്നും പുറത്ത്. സഡന്‍ ഡെത്തിലേക്ക് നീങ്ങിയ സൂപ്പര്‍ കപ്പ് മത്സരത്തില്‍ ജംഷേദ്​പുര്‍ എഫ്.സി. 5-4ന് മിനര്‍വയെ തോല്പിച്ച് ക്വാര്‍ട്ടറിലേക്ക് മുന്നേറി. 

ഗോളടിക്കാത്ത പ്രതിരോധ ഫുട്ബോള്‍ കൊണ്ട് ഐ.എസ്.എല്ലില്‍ ഗുണമുണ്ടായില്ലെങ്കിലും സൂപ്പര്‍ കപ്പില്‍ കോപ്പലാശാന്റെ തന്ത്രത്തിന് നൂറില്‍ നൂറു മാര്‍ക്ക്. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍ പിറക്കാതിരുന്ന മല്‍സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലെ ആദ്യ അഞ്ച് കിക്കിലും തീരുമാനമായില്ല. ഒടുവില്‍ ഫലനിര്‍ണയത്തിന് സഡന്‍ ഡെത്ത് വേണ്ടിവന്നു.

കാല്‍ഡസന്‍ ഗോളിനെങ്കിലും ജയിക്കേണ്ടിയിരുന്ന മിനര്‍വയെ തടഞ്ഞുനിര്‍ത്തിയത് ജംഷേദ്പുര്‍ ഗോളി സഞ്ജീബന്‍ ഘോഷ് ഒറ്റയ്ക്കാണെന്ന് പറയാം. സഞ്ജീബാണ് കളിയിലെ കേമന്‍.

ഗോകുലത്തിന് പിന്നാലെ ഗോവയും

ഞായറാഴ്ച നടന്ന മത്സരങ്ങളില്‍ ബെംഗളൂരു എഫ്.സി. ഗോകുലം കേരള എഫ്.സിയെയും (2-1) മോഹന്‍ ബഗാന്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് ഗോവയെയും (2-1) തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

ബെംഗളൂരുവിനെതിരേ ഹെന്‍ട്രി കിസിക്കെയുടെ ഗോളില്‍ ലീഡെടുത്ത ശേഷമാണ് ഗോകുലം തോല്‍വി വഴങ്ങിയത്. ബെംഗളൂരുവിനായി മിക്കു, ഉദാന്തസിങ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. ചര്‍ച്ചിലിനെതിരായ മത്സരത്തില്‍  ദിപാന്‍ഡ ഡിക്കയുടെ ഇരട്ടഗോളാണ് ബഗാന് തുണയായത്. വില്ലീസ് പ്ലാസയാണ് ഗോവന്‍ ടീമിനായി ഗോള്‍ നേടിയത്. 

Content Highlights; Jamshedpur knock I-League winners Minerva Punjab out of Super Cup