ലണ്ടന്‍: ഇംഗ്ലണ്ട് താരങ്ങളായ ജാമി വാര്‍ഡിയും ഗാരി കാഹിലും ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പടിയിറങ്ങുന്നു. ദേശീയ ടീമില്‍ സ്ഥാനം നിഷേധിക്കപ്പെട്ടതോടെയാണ് ഇരുവരും വിരമിക്കാനുള്ള തീരുമാനമെടുത്തത്.

ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചാണ് വാര്‍ഡിയുടെ പ്രഖ്യാപനമുണ്ടായത്. ഗാര്‍ഡിയന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വാര്‍ഡി വിരമിക്കല്‍ തീരുമാനം അറിയിച്ചത്. പിന്നാലെ ഇംഗ്ലണ്ട് പരിശീലകന്‍ ഗരെത് സൗത്ത്‌ഗേറ്റിനേയും അദ്ദേഹം ഇക്കാര്യം അറിയിച്ചു.

റഷ്യ ലോകകപ്പില്‍ ഇരുവരും ടീമിലുണ്ടായിരുന്നു. എന്നാല്‍, സ്ട്രൈക്കറായ വാര്‍ഡിക്ക് പലപ്പോഴും സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം. ഹാരി കെയിന്‍ ഫോമിലായതോടെ സ്വാഭാവികമായും വാര്‍ഡിക്കുള്ള അവസരങ്ങള്‍ കുറഞ്ഞു. ഇതും വിരമിക്കല്‍ തീരുമാനമെടുക്കാന്‍ കാരണമായി. 

ശരിയായ സമയത്താണ് തന്റെ ഈ തീരുമാനമെന്ന് വാര്‍ഡി പ്രതികരിച്ചു. ''യുവതാരങ്ങളെയാണ് പരിശീലകന് താല്‍പ്പര്യം. യുവതാരങ്ങള്‍ക്കായി വഴിമാറുകയാണ്. പരിശീലകന് പുതിയ താരങ്ങളെ ടീമിലെടുക്കുന്നതിന് ഇനി പ്രയാസമുണ്ടാകില്ല. ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ഓരോ കളിക്കാരനും ആഗ്രഹിക്കുക കളിക്കാനാണ്. ബെഞ്ചിലിരിക്കാനല്ല. കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീട്ടിലേക്കു പോകുക എന്നതാണ് എന്റെ അഭിപ്രായം. ക്ലബ്ബിനുവേണ്ടി കൂടുതല്‍ കളിക്കാനും കുടുംബത്തോടൊപ്പം ചെലവങിക്കാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും'' വാര്‍ഡി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ലെസ്റ്റര്‍ സിറ്റിയുടെ താരമാണ് വാര്‍ഡി. 2015-ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ച വാര്‍ഡി, ഇംഗ്ലണ്ടിനായി 26 മത്സരങ്ങളില്‍ നിന്നായി 7 ഗോളുകള്‍  നേടിയിട്ടുണ്ട്.

അതേസമയം ഗാരി കാഹില്‍ പൂര്‍ണമായും ടീമില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിട്ടില്ല. ടീമിന് എപ്പോഴാണോ ആവശ്യം അപ്പോള്‍ താന്‍ എത്തുമെന്ന് കാഹില്‍ പ്രതികരിച്ചു. യുവാക്കള്‍ക്ക് അവസരം നല്‍കാനായി തത്കാലം ഇപ്പോള്‍ മാറിനില്‍ക്കുകയാണ്. രാജ്യത്തിനായി എപ്പോള്‍ കളിക്കാന്‍ വിളിച്ചാലും തിരിച്ചെത്തുമെന്നും കാഹില്‍ വ്യക്തമാക്കി.

Content Highlights: jamie vardy retires international football talks gareth southgate