ലണ്ടന്‍: എവര്‍ട്ടണിന്റെ സൂപ്പര്‍ താരം ഹാമിഷ് റോഡ്രിഗസ് പരിക്കില്‍ നിന്നും മോചിതനായി ടീമിലേക്ക് തിരിച്ചെത്തി. എവര്‍ട്ടണ്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തില്‍ എവര്‍ട്ടണിന് വേണ്ടി താരം കളിക്കും.

ഫെബ്രുവരി 20 നാണ് ജെയിംസിന് പരിക്കേറ്റത്. ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് തുടയ്ക്ക് പരിക്കേറ്റത്. മത്സരത്തില്‍ എവര്‍ട്ടണ്‍ 2-0 ന് വിജയിക്കുകയും ചെയ്തു.

ഈ വര്‍ഷം എവര്‍ട്ടണിലേക്കെത്തിയ കൊളംബിയന്‍ സ്വദേശിയായ റോഡ്രിഗസ് ഇതുവരെ അഞ്ച് ഗോളുകളും നാല് അസിസ്റ്റുകളും നേടിക്കഴിഞ്ഞു. റയല്‍ മഡ്രിഡ് താരമായിരുന്ന ജെയിംസ് പിന്നീട് ബയേണ്‍ മ്യൂണിക്കിലേക്ക് ലോണ്‍ അടിസ്ഥാനത്തിലെത്തി. അവിടെനിന്നുമാണ് എവര്‍ട്ടണ്‍ വലിയ തുക മുടക്കി താരത്തെ ടീമിലെത്തിച്ചത്.

Content Highlights: James Rodriguez to return from injury against Crystal Palace, says Ancelotti