ബെര്‍ലിന്‍: സൂപ്പര്‍ താരം ജേഡന്‍ സാഞ്ചോയുടെ മികവില്‍ കരുത്തരായ ബൊറൂസ്സിയ ഡോര്‍ട്മുണ്ട് ഡി.എഫ്.ബി-പോക്കല്‍  ജര്‍മന്‍ കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ബൊറൂസ്സിയ മോണ്‍ഷെന്‍ഗ്ലാഡ്ബാക്കിനെയാണ് ടീം കീഴടക്കിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഡോര്‍ട്മുണ്ടിന്റെ വിജയം. 

66-ാം മിനിട്ടിലാണ് വിജയഗോള്‍ പിറന്നത്. കൗണ്ടര്‍ അറ്റാക്കിലൂടെ പന്ത് കാലിലൊതുക്കിയ സാഞ്ചോ അനായാസം സ്‌കോര്‍ ചെയ്തു. എന്നാല്‍ രണ്ടാം പകുതിയില്‍ മിഡ്ഫീല്‍ഡര്‍ മഹ്മൂദ് ദാവൂദ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ഡോര്‍ട്മുണ്ടിന് തിരിച്ചടി സമ്മാനിച്ചു.

സെമിയില്‍ വോള്‍വ്‌സ്ബര്‍ഗിനേയോ ആര്‍.ബി ലെയ്പ്‌സിഗിനെയോ ആയിരിക്കും ഡോര്‍ട്മുണ്ട് നേരിടുക. നിലവില്‍ ബുണ്ടസ് ലീഗയില്‍ മോശം ഫോം തുടരുന്ന ഡോര്‍ട്മുണ്ട് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഈയാഴ്ച നടക്കുന്ന ബുണ്ടസ് ലീഗ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരും ഒന്നാം സ്ഥാനക്കാരുമായ ബയേണ്‍ മ്യൂണിക്കിനെയാണ് ഡോര്‍ട്മുണ്ട് നേരിടുക. ജര്‍മന്‍ കപ്പിലെ ഈ വിജയം ടീമിന് ഏറെ ആശ്വാസം പകര്‍ന്നിട്ടുണ്ട്.

Content Highlights: Jadon Sancho fires Borussia Dortmund into semi-finals