മാഞ്ചെസ്റ്റര്‍ : ഐവറി കോസ്റ്റിന്റെ യുവതാരം അമദ് ഡയാല്ലോയെ ടീമിലെത്തിച്ച് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. 37 മില്യണ്‍ യൂറോ (ഏകദേശം മുന്നൂറ് കോടി രൂപ) മുടക്കിയാണ് താരത്തെ യുണൈറ്റഡ് ടീമിലെത്തിച്ചത്. 

വിങ്ങര്‍ റോളില്‍ കളിക്കുന്ന അമദിന് വെറും 18 വയസ്സുമാത്രമാണ് പ്രായം. അഞ്ചുവര്‍ഷത്തെ കരാറിലാണ് താരം യുണൈറ്റഡിലെത്തിയത്. അത്‌ലാന്റയില്‍ നിന്നുമാണ് അമദിന്റെ വരവ്. അത്‌ലാന്റയ്ക്കായി വെറും നാലുമത്സരങ്ങള്‍ മാത്രമേ താരം കളിച്ചിട്ടുള്ളൂ. ഒരു ഗോളും അക്കൗണ്ടിലുണ്ട്. 

ഡോണി വാന്‍ ബീക്കിനും ടെല്ലസ്സിനും കവാനിയ്ക്കും ശേഷം യുണൈറ്റഡിലെത്തുന്ന താരമാണ് അമദ്. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെയാണ് താരത്തെ യുണൈറ്റഡ് സ്വന്തമാക്കിയത്. 

യുണൈറ്റഡിനായി പ്രീമിയര്‍ ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗും നേടണമെന്നതാണ് താരത്തിന്റെ ആഗ്രഹം. അമദ് ഭാവി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് മുന്‍ യുണൈറ്റഡ് താരം റിയോ ഫെര്‍ഡിനാന്‍ഡ് ഈയിടെ പറഞ്ഞിരുന്നു. 

നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോയന്റ് പട്ടികയില്‍ ഒന്നാമതാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

Content Highlights: Ivory Cost youngster Amad Diallo joins Manchester United