മാഡ്രിഡ്: ഇത്തവണത്തെ ബാലണ്‍ദ്യോര്‍ പുരസ്‌കാര പ്രഖ്യാപനം എല്ലാ തരത്തിലും വ്യത്യസ്തമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 

അഞ്ചു തവണ ബാലണ്‍ദ്യോര്‍ ജേതാവായ സാക്ഷാല്‍ ലയണല്‍ മെസ്സിയില്ലാതെയാണ് ഇത്തവണത്തെ ഫിഫ ബാലണ്‍ദ്യോര്‍ അന്തിമ പട്ടിക പുറത്തുവന്നത്. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മെസ്സിയുടെ പേരില്ലാതെ ബാലണ്‍ദ്യോര്‍ പട്ടിക പുറത്തുവരുന്നത്.

ഇപ്പോഴിതാ ഇത്തവണത്തെ ബാലണ്‍ദ്യോര്‍ പുരസ്‌കാരം ആര് നേടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബാഴ്‌സലോണയുടെ ക്രൊയേഷ്യന്‍ താരം ഇവാന്‍ റാക്കിറ്റിച്ച്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇത്തവണ പുരസ്‌കാരം നേടില്ലെന്ന് റാക്കിറ്റിച്ച് ഉറപ്പിച്ച് പറയുന്നു. 

പകരം ദേശീയ ടീമിലെ സഹതാരവും റഷ്യന്‍ ലോകകപ്പില്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ലൂക്കാ മോഡ്രിച്ച് ഇത്തവണ പുരസ്‌കാരം നേടുമെന്നാണ് റാക്കിറ്റിച്ചിന്റെ പ്രവചനം. ലോകകപ്പ് ഫൈനലിലെത്തിയ ക്രൊയേഷ്യയ്ക്കായി ഗംഭീര പ്രകടനമാണ് മോഡ്രിച്ച് നടത്തിയത്. ഒരു ക്രൊയേഷ്യന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് റാക്കിറ്റിച്ച് ഇക്കാര്യം പറഞ്ഞത്.

ഇത്തവണത്തെ യൂറോപ്പിലെ മികച്ച ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടതും മോഡ്രിച്ചായിരുന്നു. വോട്ടിങില്‍ റൊണാള്‍ഡോയെ ബഹുദൂരം പിന്നിലാക്കിയാണ് മോഡ്രിച്ച് അവാര്‍ഡ് സ്വന്തമാക്കിയത്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച താരം മോഡ്രിച്ചാണെന്നും റാക്കിറ്റിച്ച് പറഞ്ഞു.

Content Highlights: ivan rakitic reveals his ballon d or favorite