മിലാന്‍: യൂറോപ്യന്‍ ഫുട്ബോളില്‍ തീപിടിപ്പിക്കുന്ന പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നു. യുവേഫ നേഷന്‍സ് ലീഗ് ആദ്യ സെമി ഫൈനലില്‍ ഇന്ന് രാത്രി 12.15-ന് യൂറോകപ്പ് ജേതാക്കളായ ഇറ്റലി, കരുത്തരായ സ്‌പെയിനിനെ നേരിടും. 

തോല്‍വിയറിയാതെ തുടര്‍ച്ചയായ 37 മത്സരം പിന്നിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് ഇറ്റലി. യൂറോകപ്പിന് പിന്നാലെ നേഷന്‍സ് ലീഗ് കിരീടവും റോബര്‍ട്ടോ മാന്‍സീനിയും സംഘവും സ്വപ്നം കാണുന്നു. യൂറോകപ്പ് സെമിഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചതും ഇറ്റലിക്ക് പ്രതീക്ഷ നല്‍കുന്നു.

യൂറോകപ്പിലേറ്റ തോല്‍വിക്ക് പകരംവീട്ടാനാകും സ്‌പെയിന്‍ കളത്തിലിറങ്ങുന്നത്. പരിശീലകന്‍ ലൂയി ഹെന്റിക്കെ യുവനിരയുടെ കരുത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. ഫിഫ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്തുള്ള ബെല്‍ജിയവും ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സും തമ്മിലാണ് രണ്ടാം സെമി ഫൈനല്‍. 

സാധ്യത ടീം: ഇറ്റലി (4-3-3): ഡൊണെറുമ്മ, ഡി ലോറന്‍സോ, ബൊന്നൂച്ചി, കില്ലിനി, എമേഴ്സന്‍, ജോര്‍ജീന്യോ, ബാരെല്ലെ, വെറാറ്റി, ഇന്‍സീന്യെ, ചിയേസ, ഇമ്മൊബിലെ

സ്‌പെയിന്‍ (4-3-3): ഡി ഗിയ, അസ്പിലിക്യൂട്ട, പാവു ടോറസ്, ലാപോര്‍ട്ടെ, റെഗുയ്ലോണ്‍, ബുസ്‌കെറ്റ്സ്, ഗാവി, കോക്കെ, സറാബിയ, ഒയര്‍സബാള്‍, ഫെറാന്‍ ടോറസ്.

യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന് കീഴിലുള്ള 55 രാജ്യങ്ങളെ എ മുതല്‍ ഡി വരെയുള്ള നാല് ലീഗുകളായിത്തിരിച്ചാണ് മത്സരം. രണ്ടാമത്തെ നേഷന്‍സ് ലീഗാണ് നടന്നുകൊണ്ടിരിക്കുന്നത്. 2018-ലെ പ്രഥമലീഗില്‍ പോര്‍ച്ചുഗല്‍ കിരീടം നേടി. എ ലീഗില്‍ 12 ടീമുകള്‍ നാല് ഗ്രൂപ്പുകളായി കളിക്കും. ഇതിലെ ചാമ്പ്യന്‍മാര്‍ സെമിഫൈനലിലെത്തും. സെമി വിജയികള്‍ കിരീടത്തിനായി കളിക്കും. റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് എ ലീഗ് ടീമുകളെ ആദ്യ സീസണില്‍ നിശ്ചയിച്ചത്.

Content Highlights: Italy, Spain open semi-finals with replay of Euro 2020 epic