പ്രതിരോധത്തിന് പേരുകേട്ട ഇറ്റാലിയന്‍ ഫുട്‌ബോളിലെ വന്‍മതികളിലൊരാളാണ് ഡാനിയേല ഡി റോസി. അര്‍ജന്റീനന്‍ ക്ലബ്ബ് ബൊക്ക ജൂനിയേഴ്‌സില്‍ ഒരിക്കലെങ്കിലും കളിക്കണമെന്നത് ഡി റോസിയുടെ സ്വപ്‌നമായിരുന്നു. എന്നാല്‍ ബൊക്ക ജൂനിയേഴ്‌സില്‍ കളിച്ചു കൊതിതീരും മുമ്പെ തിരിച്ചുനടക്കുകയാണ് ഡി റോസി. ഒരച്ഛന്റെ സ്‌നേഹത്തോടെ മകളുടെ കൈപിടിച്ച് മുന്നോട്ടുനടക്കാനാണ് ഡി റോസി ഫുട്‌ബോളില്‍ നിന്ന് പിന്നോട്ടുനടക്കുന്നത്.
18 വര്‍ഷക്കാലം ഇറ്റാലിയന്‍ ക്ലബ്ബ് എ.എസ് റോമയുടെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായിരുന്ന ഡി റോസി കഴിഞ്ഞ വര്‍ഷം ജൂണിലാണ് ബൊക്ക ജൂനിയേഴ്‌സിലേക്ക് കൂടുമാറിയത്. എന്നാല്‍ ഇനി ബൊക്കയില്‍ തുടരില്ലെന്ന് വ്യക്തമാക്കിയ താരം കളി നിര്‍ത്തുകയാണെന്നും റോമിലേക്ക് തിരിച്ചുപോകുകയാണെന്നും പ്രഖ്യാപിച്ചു. ബൊക്ക ജൂനിയേഴ്‌സ് പ്രസിഡന്റിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഡി റോസിയുടെ പ്രഖ്യാപനം.
'എനിക്കു വീട്ടിലേക്ക് തിരിച്ചെത്തണം. പതിനാല് വയസ്സുകാരിയായ മകള്‍ ഗയ ഒറ്റയ്ക്കാണ് അവിടെ. എനിക്ക് അവളെ വല്ലാതെ മിസ് ചെയ്യുന്നു. അവളെ ഇനിയും ഒറ്റയ്ക്കിരുത്താന്‍ എനിക്ക് ആവില്ല. ഫുട്‌ബോള്‍ കളിക്കുമ്പോഴെല്ലാം അതു മാത്രമാണ് മനസ്സുനിറയെ. ഫുട്‌ബോള്‍ കളിക്കാന്‍ വേണ്ടിയാണ് ഞാന്‍ ബൊക്കയിലേക്ക് വന്നത്. അത് എന്റെ സ്വപ്‌നം കൂടിയായിരുന്നു. അതു ഞാന്‍ വളരെയധികം ആസ്വദിക്കുകയും ചെയ്തു. എന്നാല്‍ എത്രയോ വിദൂരമായ ഇവിടെ നിന്ന് എല്ലാ ദിവസവും ഇറ്റലിയിലുള്ളവരുമായി ബന്ധം പുലര്‍ത്തുക എന്നത് എളുപ്പമല്ല കാര്യമല്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇതോടെ കളി നിര്‍ത്താന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തീരുമാനമെടുക്കുകയായിരുന്നു. ഇവിടെയെത്തി എല്ലാവരോടും സംസാരിച്ച് വിരമിക്കല്‍ പ്രഖ്യാപിക്കാമെന്ന് കരുതി-ബൂട്ടഴിക്കുന്ന വേളയില്‍ ആരാധകരോടായി ഡി റോസി പറയുന്നു.

ഡി റോസിയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് ഗയ. 2006-ല്‍ തമര പിസ്‌നോളിയെ വിവാഹം ചെയ്ത ഡി റോസി 2009-ല്‍ വിവാഹമോചനം നേടി. ഇരുവരുടേയും മകളാണ് ഗയ. പിന്നീട് 2015-ല്‍ സാറ ഫെല്‍ബെര്‍ബോമിനെ ഇറ്റാലിയന്‍ താരം വിവാഹം ചെയ്തു. ആ ബന്ധത്തില്‍ രണ്ടു മക്കളുണ്ട്. അമ്മ അടുത്തില്ലാത്ത ഗയ്ക്ക് അച്ഛന്റെ സാന്നിധ്യം കൂടി നഷ്ടപ്പെടുമെന്ന ആശങ്കയാണ് ഡി റോസിയുടെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
ബൊക്ക ജൂനിയേഴ്‌സിനായി ഏഴു മത്സരങ്ങളാണ് ഇറ്റാലിയന്‍ താരം കളിച്ചത്. അതില്‍ ഒരു ഗോളും നേടി. എന്നാല്‍ എ.എസ് റോമയില്‍ 2001 മുതല്‍ തുടങ്ങിയ ഫുട്‌ബോള്‍ കരിയര്‍ ഡി റോസ് അവസാനിപ്പിച്ചത് 2019-ലാണ്. നീണ്ട 18 വര്‍ഷം റോമയുടെ ജെഴ്‌സി ഡി റോസിയുടെ ശരീരത്തില്‍ ഒട്ടിച്ചേര്‍ന്നു. ഇതിനിടയില്‍ 616 മത്സരങ്ങള്‍ കളിച്ചു. 43 ഗോളുകളും നേടി.
2004-17 കാലത്ത് ഇറ്റാലിയന്‍ ദേശിയ ടീമിനായി 117 മത്സരങ്ങള്‍ കളിച്ച ഡി റോസി 2006-ല്‍ ലോകകപ്പ് നേടിയ ടീമംഗമായിരുന്നു. 21 ഗോളുകളും താരം ദേശീയ ടീമിനായി നേടി. ഇറ്റലിക്കായി ഏറ്റവും കൂടുതല്‍ തവണ കളിച്ച നാലാമത്തെ താരം കൂടിയാണ് മുപ്പത്തിയാറുകാരന്‍.
Daniele De Rossi was one of the best tacklers in the game 👊
— ESPN FC (@ESPNFC) January 6, 2020
(via @ChampionsLeague) pic.twitter.com/jixcnxscfS
Content Highlights: Italy’s World Cup winner and AS Roma legend Daniele De Rossi announces retirement