മാഡ്രിഡ്: യൂറോ കപ്പിന് മുന്നോടിയായി നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ സ്‌പെയിനും പോര്‍ച്ചുഗലും സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഇറ്റലി തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഫ്രഞ്ചുകാരനായിരുന്ന അയ്‌മെരിക് ലപോര്‍ട്ടെ സ്‌പെയിനിനുവേണ്ടി അരങ്ങേറ്റം കുറിച്ച മത്സരം ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്. ഇരു ടീമുകളും കാര്യമായ അവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍ പരാജയപ്പെട്ടു. സ്‌പെയിനിനാണ് കൂടുതല്‍ ഗോളവസരങ്ങള്‍ ലഭിച്ചത്. അതാവട്ടെ അല്‍വാരോ മൊറാട്ടയും ഫെരാന്‍ ടോറസും മത്സരിച്ച് പാഴാക്കി. മൊറോട്ടയുടെ ഒരു ഷോട്ട് ക്രോസ് ബാറില്‍ ഇടിച്ച് മടങ്ങുകയാണുണ്ടായത്. പോര്‍ച്ചുഗലിന് ഒരേയൊരു ഗോളവസരമാണ് ലഭിച്ചത്. അവസാന നിമിഷം ലഭിച്ച അവസരം ഡാനിലൊ പെരേര സ്പാനിഷ് ഗോളി ഉനൈ സൈമണിന്റെ കൈയിലേയ്ക്ക് അടിച്ച് നഷ്ടപ്പെടുത്തി. പോർച്ചുഗലിനുവേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചെങ്കിലും നിറംമങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. ഒന്ന് രണ്ട് മോശമല്ലാത്ത ഡ്രിബിളിങ്ങും ദുർബലമായ ഒരു ഹെഡ്ഡറും മാത്രമായിരുന്നു സംഭാവന.

ബൊളോണയില്‍ ഗോള്‍വര്‍ഷം നടത്തിയാണ് ഇറ്റലി ചെക്ക് റിപ്പബ്ലിക്കിനെ മുക്കിക്കളഞ്ഞത്. മടക്കമില്ലാത്ത നാലു ഗോളിനായിരുന്നു ജയം. ഇറ്റലി ഗോള്‍ വഴങ്ങാത്ത തുടര്‍ച്ചയായ എട്ടാമത്തെ മത്സരമാണിത്. ഇരുപത്തിമൂന്നാം മിനിറ്റില്‍ ലാസിയോ സ്‌ട്രൈക്കര്‍ ഷീരോ ഇമ്മൊബൈലിലൂടെയാണ് ഇറ്റലി സ്‌കോറിങ്ങിന് തുടക്കമിട്ടത്. നാല്‍പത്തിരണ്ടാം മിനിറ്റില്‍ ഇന്റര്‍ മിഡ്ഫീല്‍ഡര്‍ നിക്കോളോ ബരെല്ല ലീഡുയര്‍ത്തി. പിറന്നാള്‍ ദിനത്തില്‍ നപ്പോളി സ്‌ട്രൈക്കര്‍ ലോറെന്‍സോ ഇന്‍സിനെ ലീഡ് മൂന്നാക്കി. എഴുപത്തിമൂന്നാം മിനിറ്റില്‍ ബാരാര്‍ഡി പട്ടിക തികയ്ക്കുകയും ചെയ്തു.

 മറ്റ് മത്സരങ്ങളിൽ എസ്‌തോണിയ ഫിന്‍ലന്‍ഡിനെയും (1-0) ലാത്വ ലിത്വാനിയയെയും (3-1) കൊസോവോ മാള്‍ട്ടയെയും (2-1) നോര്‍ത്ത് മാസിഡോണിയ കസാഖ്‌സ്താനെയും (4-0) ഹംഗറി സൈപ്രസിനെയും (1-0) കാമറൂണ്‍ നൈജീരിയയെയും (1-0) ഐസ്‌ലന്‍ഡ് ഫറോ ഐലന്‍ഡിനെയും (1-0) സ്ലൊവേനിയ ജിബ്രാള്‍ട്ടറിനെയും (6-0) തോല്‍പിച്ചു.

Content Highlights: Italy Rout Czech Republic, Spain And portugal Settle for Draw in Fifa Frinedly matches