പാരീസ്: നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇറ്റലി, മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ - രണ്ടിലൊരു ടീമേ അടുത്ത ഫിഫ ലോകകപ്പിനുണ്ടാവൂ. ആരെന്ന് ഇരുവരും തമ്മില്‍ പ്ലേ ഓഫില്‍ അങ്കംവെട്ടി തീരുമാനിക്കേണ്ടിവരും. 

കഴിഞ്ഞതവണ പ്ലേ ഓഫില്‍ തോറ്റ് ഫൈനല്‍റൗണ്ടില്‍ എത്താതിരുന്ന ഇറ്റലിക്ക് ഇത്തവണയും അതാവര്‍ത്തിച്ചാല്‍ ഹൃദയഭേദകമാവും. ഇറ്റലി കടന്നാല്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാത്ത ലോകകപ്പാവും സംഭവിക്കുക. ഏതെങ്കിലും ഒരു വന്‍നഷ്ടം ലോകകപ്പിനുണ്ടാവും.

യോഗ്യതാ ഗ്രൂപ്പുകളില്‍ രണ്ടാമതെത്തിയതോടെയാണ് ഇറ്റലിക്കും ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലിനും പ്ലേ ഓഫ് കളിക്കേണ്ടിവന്നത്. മാര്‍ച്ചില്‍ നടക്കുന്ന പ്ലേ ഓഫ് ആദ്യറൗണ്ടില്‍ ഇറ്റലി നോര്‍ത്ത് മാസിഡോണിയയെയും പോര്‍ച്ചുഗല്‍ തുര്‍ക്കിയെയും നേരിടും.

ഈ മത്സരത്തില്‍ ജയിക്കുന്ന ടീമുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഖത്തറിലേക്ക് ആര് എന്ന് തീരുമാനമാവുക. ആദ്യറൗണ്ട് ജയിക്കുക തന്നെ ഇറ്റലിക്കും പോര്‍ച്ചുഗലിനും വെല്ലുവിളിയാവും.

1998 ലോകകപ്പ് നഷ്ടമായ ശേഷമുള്ള എല്ലാ പ്രമുഖ ടൂര്‍ണമെന്റുകളിലും പോര്‍ച്ചുഗല്‍ കളിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോയുടെ സാന്നിധ്യം ആ ടൂര്‍ണമെന്റുകളെയെല്ലാം തിളക്കമുള്ളതാക്കി. 1958-നു ശേഷം ആദ്യമായാണ് ഇറ്റലി കഴിഞ്ഞ റഷ്യ ലോകകപ്പില്‍ കളിക്കാതെ പോയത്.

Content Highlights: italy or cristiano ronaldo portugal won t qualify for Qatar 2022 World Cup