റോം: തോല്‍വിയറിയാതെ ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഫുട്‌ബോള്‍ ടീം എന്ന റെക്കോഡ് സ്വന്തമാക്കി ഇറ്റലി. യൂറോകപ്പ് ചാമ്പ്യന്മാരായ ഇറ്റലി തുടര്‍ച്ചയായി 36 മത്സരങ്ങള്‍ പരാജയമറിയാതെ പൂര്‍ത്തിയാക്കി. 

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് സമനില വഴങ്ങിയതോടെയാണ് അസൂറികള്‍ പുതിയ റെക്കോഡ് സ്വന്തമാക്കിയത്. ഇതോടെ ബ്രസീലും സ്‌പെയിനും സംയുക്തമായി കാത്തുസൂക്ഷിച്ചിരുന്ന 35 മത്സരങ്ങളുടെ റെക്കോഡ് പഴങ്കഥയായി. അടുത്ത മത്സരത്തില്‍ ലിത്വാനിയയാണ് ഇറ്റലിയുടെ എതിരാളി.

റോബര്‍ട്ട് മാന്‍ചീനി പരിശീലകനായി സ്ഥാനമേറ്റ ശേഷമാണ് ഇറ്റലി അസൂയാവഹമായ കുതിപ്പ് നടത്താന്‍ തുടങ്ങിയത്. ടീമിനെ അടിമുടി മാറ്റിയെടുത്ത മാന്‍ചീനി ഇറ്റലിയ്ക്ക് 2020 യൂറോ കപ്പ് കിരീടവും നേടിക്കൊടുത്തു. ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് ഇറ്റലി കിരീടം ചൂടിയത്. 

യുഫേവ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനോടാണ് ഇറ്റലി അവസാനമായി തോറ്റത്. അതും 2018 സെറ്റംബര്‍ 10 ന്. 1935-39 കാലഘട്ടത്തില്‍ പരിശീലകന്‍ വിറ്റോറിയോ പോസോയുടെ കീഴില്‍ തുടര്‍ച്ചയായി 30 മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നേറാന്‍ ഇറ്റലിയ്ക്ക് കഴിഞ്ഞിരുന്നു. അന്ന് 1938-ലെ ലോകകപ്പും 1936-ലെ ഒളിമ്പിക്‌സ് ഫുട്‌ബോള്‍ സ്വര്‍ണവും നേടാന്‍ ഇറ്റലിയ്ക്ക് കഴിഞ്ഞു. 

നിലവില്‍ ഇറ്റലിയ്ക്ക് തൊട്ടുപിന്നാലെ ആഫ്രിക്കന്‍ ടീമായ അള്‍ജീരിയയുമുണ്ട്. തുടര്‍ച്ചയായി 29 മത്സരങ്ങളാണ് അള്‍ജീരിയ പരാജയമറിയാതെ പൂര്‍ത്തിയാക്കിയത്. 

Content Highlights: Italy men's football team set new unbeaten run record