പൗലോ റോസി | Photo: twitter.com
പ്രായക്കുറവിന്റെ പേരില്‍ ഡീഗോ മാറഡോണ അര്‍ജന്റീന ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ട 1978-ലാണ് പൗലോ റോസി ഇറ്റലിക്കായി ആദ്യ ലോകകപ്പ് കളിച്ചത്. ആ ലോകകപ്പില്‍ റോസി മൂന്ന് ഗോളടിക്കുന്നതും അക്കാലത്തെ പ്രഗല്ഭനായ സ്ട്രൈക്കറായി ഉയര്‍ത്തപ്പെടുന്നതും മാറഡോണ മാറിനിന്ന് കണ്ടു.
ഇറ്റലിയുടെ ഭാഗ്യം
1982 ലോകകപ്പില്‍ മാറഡോണയും റോസിയും മുഖാമുഖം വന്നു. ആദ്യറൗണ്ടില്‍ രണ്ടാം സ്ഥാനക്കാരായി, കഷ്ടിച്ചാണ് ഇറ്റലി കടന്നുകൂടിയത്. രണ്ടാം റൗണ്ടില്‍ എതിരാളികള്‍ അര്‍ജന്റീനയും ബ്രസീലും. സോക്രട്ടീസും സീക്കോയും ഫല്‍ക്കാവോയും ഉള്‍പ്പെട്ട ബ്രസീല്‍ ടീം കപ്പടിക്കുമെന്ന് പരക്കെ കരുതപ്പെട്ടിരുന്നു. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന മാറഡോണയുടെ ലോകപ്രഭാവം കാണാന്‍ കാത്തിരിക്കുകയായിരുന്നു. അര്‍ജന്റീന ഇറ്റലി മത്സരം തീപാറി. ക്ലോഡിയോ ജെന്റൈലും ഗെട്ടാനോ സിറേയയും ചേര്‍ന്ന് മാറഡോണയെ പൂട്ടി. അങ്ങനെ റോസി ഡീഗോ പോരാട്ടത്തില്‍ ഇറ്റലി 2-1ന് ജയിച്ചു. ബ്രസീലിനെതിരായ അടുത്ത മത്സരം റോസിയെ ലോകത്തിന്റെ ഹീറോയാക്കി. 3-2ന് ഇറ്റലി ജയിച്ച മത്സരത്തിലെ വിജയഗോളില്‍ റോസി ഹാട്രിക് പൂര്‍ത്തിയാക്കി. പോളണ്ടിനെതിരായ സെമിഫൈനല്‍ വിജയത്തിലെ രണ്ട് ഗോളുകളും റോസിയുടെ ബൂട്ടില്‍നിന്നായിരുന്നു. പശ്ചിമ ജര്‍മനിക്കെതിരായ ഫൈനലില്‍ 3-1ന് ജയിച്ച് ഇറ്റലി ലോകചാമ്പ്യന്മാരായപ്പോള് ആദ്യഗോളടിച്ച് ഭദ്രദീപം തെളിച്ചതും റോസിയാണ്.
മാറഡോണയുടെ മുന്‍ഗാമി
മാറഡോണയും റോസിയും തമ്മില്‍ സാമ്യങ്ങളേറെ. റോസി ഏതാണ്ടൊറ്റയ്ക്കാണ് ഇറ്റലിയെ ചാമ്പ്യന്മാരാക്കിയത്. ഇറ്റലി നേടിയ ഗോളുകളില്‍ 58 ശതമാനത്തിലും റോസിയുടെ നേരിട്ടുള്ള പങ്കാളിത്തമുണ്ടായിരുന്നു. അടുത്ത ലോകകപ്പില്‍ മാറഡോണ ചെയ്തതും അതുതന്നെ. രണ്ടാമത്തെ ലോകകപ്പിലായിരുന്നു ഇരുവരുടെയും കിരീടധാരണം. ചാമ്പ്യന്മാരായ ലോകകപ്പുകളിലെ മികച്ച കളിക്കാര്‍ക്കുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം ഇരുവര്‍ക്കുമായിരുന്നു. മാറഡോണയുടെ വിജയത്തിന് പക്ഷേ, വൈകാരികത കൂടുതലുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരേ മാറഡോണ നേടിയ രണ്ട് ഗോളിന്റെ സമീപത്തെങ്ങുമെത്താന് ബ്രസീലിനെതിരായ റോസിയുടെ ഹാട്രിക്കിനായില്ല. അര്‍ജന്റീനയുടെ കിരീടധാരണം ലോകം ആഘോഷിച്ചപ്പോള്‍ ഇറ്റലിയുടേത് ഒരു നമ്പറില്‍ ഒതുങ്ങി. അന്ത്യശ്വാസം വരെയും മാറഡോണ ലോകത്തിന്റെ ആഘോഷമായിരുന്നെങ്കില്‍, ദീര്‍ഘകാലത്തിനുശേഷം മരണസമയത്താണ് ലോകം റോസിയെ ഓര്‍മിക്കുന്നത്.
വാതുവെപ്പിന്റെ ലഹരി
മാറഡോണയെപ്പോലെ റോസിയും വിവാദനായകനായിരുന്നു. മാറഡോണയെ ലഹരി കീഴ്പ്പെടുത്തിയെങ്കില്‍, ഒത്തുകളിയും കൈക്കൂലിയുമാണ് റോസിയെ വരിഞ്ഞുമുറുക്കിയത്. 1979-80 കാലത്ത് പെറൂജിയയില്‍ മികച്ച ഫോമില്‍ കളിക്കുമ്പോഴാണ് റോസി ഒത്തുകളിയില്‍ പെട്ടത്. ഇറ്റലിയെ പിടിച്ചുകുലുക്കിയ വിവാദത്തില്‍ റോസിയ്ക്ക് മൂന്ന് വര്‍ഷത്തെ വിലക്ക് കിട്ടി. അതോടെ അദ്ദേഹം തളര്‍ന്നു. നിരപരാധിയാണെന്ന് വിലപിച്ചു. 1980-ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അദ്ദേഹത്തിന് കളിക്കാനായില്ല. ഭാഗ്യംകൊണ്ടാവാം, വിലക്ക് പിന്നീട് രണ്ട് വര്‍ഷമാക്കി കുറച്ചു. അങ്ങനെയാണ് 1982 ലോകകപ്പിനെത്തിയത്. ഏതാനും വര്‍ഷംമുമ്പ് റോസി കാല്‍മുട്ടില്‍ മൂന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പരിക്കും വിലക്കും ചേര്‍ന്നതോടെ കളി താളംതെറ്റി. 'ഫീല്‍ഡില്‍ ലക്ഷ്യബോധമില്ലാതെ അലയുന്ന പ്രേതം' എന്നാണ് ചില ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റോസിയെ വിശേഷിപ്പിച്ചത്. എന്നാല്‍, കോച്ച് എന്‍സോ ബിയര്സോട്ട്, റോസിയുടെ പ്രതിഭയില്‍ വിശ്വസിച്ചു. ലോകകിരീടം നല്കി റോസി ആ വിശ്വാസം കാത്തു.
റൈറ്റ് വിങ്ങറായി കരിയര്‍ തുടങ്ങിയ റോസി പിന്നീട് സ്ടൈക്കറുടെ റോളിലേക്ക് മാറുകയായിരുന്നു. വലിയ ഡ്രിബ്ലിങ് വിദഗ്ധനൊന്നുമായിരുന്നില്ല. പെനാല്‍റ്റി ഏരിയയില്‍ ഗോളിനായി തക്കം പാര്‍ത്തിരിക്കും. അവസരങ്ങള്‍ക്കുമേല്‍ ചാടിവീഴും. ഇരുകാലുകളും തലയും ഉപയോഗിച്ച് നിഷ്പ്രയാസം പന്ത് വലയിലെത്തിക്കും. പന്തില്‍ സദാസമയം കണ്ണുണ്ടാവും. പെനാല്‍റ്റി ഏരിയയില്‍ എവിടെയൊക്കെ ഡിഫന്ഡര്മാരുണ്ടെന്ന് മണത്തറിയും.
ലോകം വേണ്ടവിധം ആഘോഷിക്കപ്പെടാതെ പോയ പ്രതിഭയാണ് റോസി. അദ്ദേഹം ജനിച്ചത് ലാറ്റിനമേരിക്കയില്‍ അല്ലല്ലോ!
Content Highlights: Italy great and 1982 World Cup star Paolo Rossi passes away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..