ലണ്ടന്‍: യുവേഫ നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിനും ഇറ്റലിയ്ക്കും ഹോളണ്ടിനും ബെല്‍ജിയത്തിനും തകര്‍പ്പന്‍ ജയം. ബോസ്‌നിയയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തറപറ്റിച്ച് ഇറ്റലി സെമി ഫൈനലിലെത്തി. പരാജയമറിയാതെ ഇറ്റലി പൂര്‍ത്തീകരിക്കുന്ന തുടര്‍ച്ചയായ 22-ാം മത്സരമായിരുന്നു ഇത്. 

കളിയുടെ സകല മേഖലയിലും ആധിപത്യം പുലര്‍ത്തിയാണ് ഇറ്റലി ബോസ്‌നിയയെ തറപറ്റിച്ചത്. 22-ാം മിനിട്ടില്‍ ആന്‍ഡ്രെ ബെലോറ്റിയിലൂടെ ലീഡെടുത്ത ടീമിനായി ബെറാഡി 68-ാം മിനിട്ടില്‍ രണ്ടാം ഗോള്‍ നേടി. ഈ വിജയത്തോടെ ഗ്രൂപ്പ് എയിൽ 12 പോയന്റുകളുമായി ഇറ്റലി ഒന്നാമതെത്തി. കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കോച്ച് മാന്‍സീനി ഇറ്റലിയ്‌ക്കൊപ്പം ഉണ്ടായിരുന്നില്ല. പരിക്കേറ്റ ചെല്ലിനി, ബൊനൂച്ചി, ഇമ്മൊബൈല്‍ എന്നിവരും കളിക്കാനിറങ്ങിയിരുന്നില്ല.

ഫില്‍ ഫോഡന്റെ ഇരട്ട ഗോള്‍ മികവില്‍ ഇംഗ്ലണ്ട് ഐസ്ലന്‍ഡിനെ തകര്‍ത്തു. എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് ത്രീ ലയണ്‍സിന്റെ വിജയം. റൈസിലൂടെ 20-ാം മിനിട്ടില്‍ ഗോള്‍ വേട്ട തുടങ്ങിയ ഇംഗ്ലണ്ടിനായി മേസണ്‍ മൗണ്ട് 24-ാം മിനിട്ടില്‍ രണ്ടാം ഗോള്‍ നേടി. 80, 84 മിനിട്ടുകളിലാണ് ഫോഡന്‍ ഗോളുകള്‍ നേടിയത്. വിജയിച്ചെങ്കിലും ഇംഗ്ലണ്ടിന്റെ സെമി ഫൈനല്‍ സാധ്യതകള്‍ നേരത്തേ അസ്തമിച്ചിരുന്നു.

ഒരു ഗോള്‍ വഴങ്ങിയശേഷം തിരിച്ചടിച്ചാണ് ഹോളണ്ട് വിജയം സ്വന്തമാക്കിയത്. പോളണ്ടിന്റെ 2-1 നാണ് ടീം പരാജയപ്പെടുത്തിയത്. അഞ്ചാം മിനിറ്റിൽ തന്നെ പോളണ്ടിനായി ജോസ്വിയാക്ക് ഗോള്‍ നേടിയെങ്കിലും സൂപ്പര്‍ താരം മെംഫിസ് ഡിപെ, ക്യാപ്റ്റന്‍ വിനാല്‍ഡം എന്നിവരുടെ ഗോളുകളില്‍ ഹോളണ്ട് വിജയം കരസ്ഥമാക്കി. 

രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് ഡെന്മാര്‍ക്കിനെ തകര്‍ത്ത് ബെല്‍ജിയം സെമി ഫൈനലിൽ കയറി. ലുക്കാക്കു ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ ടൈലെമെന്‍സ്, ഡിബ്രുയിനെ എന്നിവര്‍ ബെല്‍ജിയത്തിന്റെ ശേഷിച്ച ഗോളുകള്‍ സ്വന്തമാക്കി. വിന്‍ഡ് ഡെന്മാര്‍ക്കിനായി ഗോള്‍ നേടി. ചാഡിയുടെ സെല്‍ഫ് ഗോളും ഡെന്മാര്‍ക്കിന് തുണയായി. 

മറ്റു പ്രധാന മത്സരങ്ങളില്‍ സെര്‍ബിയ റഷ്യയെയും ഹംഗറി തുര്‍ക്കിയെയും ചെക്ക് റിപ്പബ്ലിക്ക് സ്ലൊവാക്യയെയും വെയ്ല്‍സ് ഫിന്‍ലന്‍ഡിനെയും ഇസ്രായേല്‍ സ്‌കോട്‌ലന്‍ഡിനെയും പരാജയപ്പെടുത്തി. 

യുവേഫ നേഷന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് മത്സരങ്ങള്‍ ഇതോടെ പൂര്‍ത്തിയായി. ഇറ്റലി, ബെല്‍ജിയം, ഫ്രാന്‍സ്, സ്‌പെയ്ന്‍ എന്നീ ടീമുകള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു

Content Highlights: Italy extend unbeaten run, wins for England and Netherlands