വാഴ്സ: പോളണ്ടിനെ തോല്‍പ്പിച്ച് ഇറ്റലി യുവേഫ നാഷന്‍സ് ഫുട്ബോള്‍ ലീഗിലെ ആദ്യജയം സ്വന്തമാക്കി. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് അസൂറികളുടെ ജയം. 

ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യാനോ ബിരാഗിയുടെ വകയായിരുന്നു ഗോള്‍. തോല്‍വിയോടെ പോളണ്ട് എ ലീഗില്‍നിന്ന് ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. ലീഗില്‍ തരംതാഴ്ത്തപ്പെടുന്ന ആദ്യടീമാണ് പോളണ്ട്. എ ലീഗില്‍ ഗ്രൂപ്പ് മൂന്നിലാണ് ഇരുടീമുകളുടെയും സ്ഥാനം. യൂറോ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. 

നിലവില്‍ രണ്ടുമത്സരങ്ങളില്‍നിന്ന് ആറു പോയന്റുമായി പോര്‍ച്ചുഗലാണ് ഗ്രൂപ്പില്‍ മുന്നില്‍. രണ്ടാമതുള്ള ഇറ്റലിക്ക് നാലു പോയിന്റുണ്ട്. ഒരു സമനില മാത്രമുള്ള പോളണ്ടിന് ഒരു പോയിന്റാണ് സമ്പാദ്യം. ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ മാത്രമാണ് സെമിയിലെത്തുക. രണ്ടാമതുള്ള ടീം ലീഗില്‍ നിലനില്‍ക്കുമ്പോള്‍ മൂന്നാമതുള്ള ടീം തരംതാഴ്ത്തപ്പെടും.

പുതിയ പരിശീലകന്‍ റോബര്‍ട്ടോ മാഞ്ചീനിക്ക് കീഴില്‍ അസൂറികളുടെ ഏറ്റവും മികച്ച പ്രകടനമാണ് പോളണ്ടിനെതിരേ കണ്ടത്. ലീഗിലെ ആദ്യ രണ്ടുമത്സരങ്ങളിലും പ്രതീക്ഷയ്‌ക്കൊത്തുയരാതിരുന്ന അസൂറികള്‍ പോളണ്ടിനെ അവരുടെ നാട്ടില്‍ വെള്ളം കുടിപ്പിച്ചു. ഗോള്‍കീപ്പര്‍ വൊയെസീച്ച് ഷെസെന്‍സി പോസ്റ്റിനുമുന്നില്‍ കാഴ്ചവെച്ച മിന്നുന്ന പ്രകടനം പോളണ്ടിന് തുണയായി. ജോര്‍ജിനോ, ഫെഡെറിക്കോ ചീസ എന്നിവരുടെ ഷോട്ടുകള്‍ ബാറില്‍ത്തട്ടി മടങ്ങിയതും ഇറ്റലിക്ക് തിരിച്ചടിയായി.

ബി ലീഗില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ റഷ്യ (20) തുര്‍ക്കിയെ തോല്‍പ്പിച്ചു. റോമന്‍ ന്യൂസ്റ്റാഡര്‍ (20), ഡെന്നീസ് ചെറിഷേവ് (78) എന്നിവരുടെ വകയായിരുന്നു ഗോളുകള്‍.

പോര്‍ച്ചുഗലിന് ജയം

എഡിന്‍ബറോ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോളില്‍ പോര്‍ച്ചുഗലിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തില്‍ യൂറോ ചാമ്പ്യന്‍മാര്‍ (3-1) സ്‌കോട്ട്ലന്‍ഡിനെ തോല്‍പ്പിച്ചു. ഹെല്‍ഡര്‍ കോസ്റ്റ (43), എഡര്‍ (74), ബ്രൂമ (84) എന്നിവര്‍ പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തു. സ്റ്റീവന്‍ നെയ്സ്മിത്ത് (90) സ്‌കോട്ടിഷ് ടീമിന്റെ ആശ്വാസഗോള്‍ കണ്ടെത്തി.

Content Highlights: Italy beats Poland 1-0 during UEFA Nations League football match