മിലാന്‍: ഇറ്റാലിയന്‍ സീരി എ യില്‍ കരുത്തരായ നാപ്പോളിയ്ക്കും നിലവിലെ ചാമ്പ്യന്മാരായ ഇന്റര്‍ മിലാനും വിജയം. എന്നാല്‍ എ.സി.മിലാന്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി.

ലാസിയോയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് നാപ്പോളി വിജയമാഘോഷിച്ചത്. കഴിഞ്ഞ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ നാപ്പോളി മികച്ച തിരിച്ചുവരവാണ് നടത്തിയത്. നാപ്പോളിയ്ക്ക് വേണ്ടി ഡ്രൈസ് മെര്‍ട്ടെന്‍സ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ പിയോട്ടര്‍ സിയെലിന്‍സ്‌കി, ഫാബിയാന്‍ റൂയിസ് എന്നിവരും ലക്ഷ്യം കണ്ടു. ഫുട്‌ബോള്‍ ഇതിഹാസം മാറഡോണയ്ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് ജഴ്‌സിയില്‍ അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ചാണ് നാപ്പോളി കളിച്ചത്. 

ഇന്റര്‍ മിലാന്‍ വെനെസിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി. ഹക്കന്‍ കലനോഗ്ലുവും പെനാല്‍ട്ടിയിലൂടെ ലൗട്ടാറോ മാര്‍ട്ടിനെസും ഇന്ററിനായി ലക്ഷ്യം കണ്ടു. 

എന്നാല്‍ ലീഗില്‍ അപരാജിത കുതിപ്പ് നടത്തിയിരുന്ന എ.സി.മിലാന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി വഴങ്ങി. സാസുവോളോയാണ് മിലാനെ അട്ടിമറിച്ചത്. ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് മിലാന്റെ തോല്‍വി. 

സാസുവോളോയ്ക്ക് വേണ്ടി ജിയാന്‍ലൂക്ക സ്‌കമാക്കയും ഡൊമെനിക്കോ ബെറാര്‍ഡിയും ലക്ഷ്യം കണ്ടപ്പോള്‍ സൈമണ്‍ കെയറിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. അലെസ്സിയോ റോമാഗ്നോളി മിലാന്റെ ആശ്വാസഗോള്‍ നേടി. ആദ്യം ഗോളടിച്ച് ലീഡെടുത്ത ശേഷമാണ് മിലാന്‍ അവിശ്വസനീയമായി തകര്‍ന്നത്. 

14 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 35 പോയന്റുമായി നാപ്പോളി ഒന്നാം സ്ഥാനത്ത് തുടരുന്നു. 32 പോയന്റുമായി എ.സി.മിലാന്‍ രണ്ടാമതും 31 പോയന്റുമായി ഇന്റര്‍ മിലാന്‍ നാലാം സ്ഥാനത്തും നില്‍ക്കുന്നു. കരുത്തരായ യുവന്റസ് ഏഴാമതാണ്. അവസാന മത്സരത്തില്‍ യുവന്റസ് അത്‌ലാന്റയോട് പരാജയപ്പെട്ടിരുന്നു. 

Content Highlights: Italian Serie A round 14 results, ac milan, inter milan, napoli