മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന് വിജയം. എന്നാല്‍ ശക്തരായ എ.സി.മിലാനും നാപ്പോളിയും സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി.

തുല്യശക്തികളുടെ പോരാട്ടത്തില്‍ ഇന്റര്‍ രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്ക് നാപ്പോളിയെ കീഴടക്കി. ഇന്ററിനായി ഹക്കന്‍ ഷാല്‍ഹനോഗ്ലു, ഇവാന്‍ പെരിസിച്ച്, ലൗട്ടാറോ മാര്‍ട്ടിനെസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ നാപ്പോളിയ്ക്ക് വേണ്ടി പിയോട്ടര്‍ സിയെലിന്‍സ്‌കി, ഡ്രൈസ് മെര്‍ട്ടെന്‍സ് എന്നിവര്‍ ഗോളടിച്ചു. 

ഫിയോറെന്റീനയാണ് മിലാനെ വീഴ്ത്തിയത് (4-3). സീസണില്‍ മിലാന്‍ തോല്‍വിയറിയാതെ 12 മത്സരം പിന്നിട്ടിരുന്നു. ഫിയോറെന്റീനയ്ക്കായി ദുസാന്‍ വ്ളാഹോവിച്ച് ഇരട്ടഗോള്‍ (60, 85) നേടി. ആല്‍ഫ്രഡ് ഡങ്കണ്‍ (15), റിക്കാര്‍ഡോ സപോണറ (45) എന്നിവരും ഗോള്‍ നേടി. മിലാനായി സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ഇരട്ടഗോള്‍ (62, 67) നേടി. ലോറന്‍സോ വെനൂട്ടിയുടെ സെല്‍ഫ് ഗോളും (90+6) മിലാന് ലഭിച്ചു. മറ്റൊരു കളിയില്‍ യുവന്റസ് ലാസിയോയെ കീഴടക്കി (2-0).

13 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 32 പോയന്റുമായി നാപ്പോളി ഒന്നാമതും മിലാന്‍ രണ്ടാമതും നില്‍ക്കുന്നു. 28 പോയന്റുള്ള ഇന്റര്‍ മൂന്നാമതാണ്. അത്‌ലാന്റ, റോമ എന്നീ ടീമുകള്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍ തുടരുന്നു.

Content Highlights: Italian Serie A round 13 match results, inter milan, ac milan, napoli