ബെര്‍ലിന്‍: ഗോള്‍ നേട്ടത്തിനു പിന്നാലെ സഹതാരത്തെ ചുംബിച്ചുവെന്ന ആരോപണങ്ങള്‍ തള്ളി ജര്‍മന്‍ ക്ലബ്ബ് ഹെര്‍ത്ത ബെര്‍ലിന്‍ ഡിഫന്‍ഡര്‍ ഡെഡ്‌റിക്ക് ബൊയാട്ട. കോവിഡ് പ്രതിസന്ധിക്കു ശേഷം ശനിയാഴ്ച പുനരാരംഭിച്ച ബുണ്ടസ്‌ലിഗ മത്സരത്തിനിടെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളിലെ കളിക്കളത്തില്‍ സാമൂഹിക അകലം പാലിക്കണമെന്ന ചട്ടം ലംഘിച്ച് ബൊയാട്ട സഹാതാരം  മാര്‍ക്കോ ഗ്രുജിക്കിന്റെ കവിളില്‍ ചുംബിക്കുകയായിരുന്നുവെന്നായിരുന്നു ആരോപണം.

താരത്തിന്റെ നടപടിക്കെതിരേ മുതിര്‍ന്ന ജര്‍മന്‍ രാഷ്ട്രീയ നേതാവ് മാര്‍ക്കസ് സോയ്ഡര്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി ബൊയാട്ട തന്നെ രംഗത്തെത്തിയത്.

എന്നാല്‍ ഗ്രുജിക്കിനെ ചുംബിച്ചതല്ലെന്നും സെറ്റ് പീസ് എടുക്കുന്നതു സംബന്ധിച്ച നിര്‍ദേശം നല്‍കുകയാണെന്നും ബൊയാട്ട വ്യക്തമാക്കി. 'അത് ഒരു ചുംബനമോ ആഘോഷമോ ആയിരുന്നില്ല. ഗ്രുജിക്കിന്റെ മുഖത്ത് കൈവച്ചതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. ഒരു സെറ്റ് പീസിനെക്കുറിച്ച് അദ്ദേഹത്തിന് നിര്‍ദേശം കൊടുക്കുകയായിരുന്നു ഞാന്‍. ഇത്തരം ഒരു സാഹചര്യത്തില്‍ കളിക്കുന്നതിനാല്‍ തന്നെ ഞങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധ കാണിക്കും', അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ശനിയാഴ്ച നടന്ന ഹെര്‍ത്ത ബെര്‍ലിന്‍ - ഹോഫന്‍ഹെയ്മിന്‍ മത്സരത്തിനിടെയായിരുന്നു സംഭവം. ഗോള്‍ നേട്ടം ആഘോഷിക്കാന്‍ ഹെര്‍ത്ത ഡിഫന്‍ഡര്‍ ഡെഡ്റിക്ക് ബൊയാട്ട സഹതാരമായ മാര്‍ക്കോ ഗ്രുജിക്കിന്റെ കവിളില്‍ ചുംബിക്കുകയായിരുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

കോവിഡിനെ തുടര്‍ന്ന് രണ്ട് മാസത്തെ സസ്പെന്‍ഷനുശേഷം പുനരാരംഭിക്കുന്ന ലോകത്തിലെ ആദ്യത്തെ പ്രധാന ഫുട്ബോള്‍ ലീഗാണ് ബുണ്ടസ്​ലിഗ.

Content Highlights: It wasn't a kiss Bundesliga footballer sorry for social distancing breach