Photo: twitter.com/atkmohunbaganfc
കോഴിക്കോട്: ഇന്ത്യന്‍ ഫുട്ബോള്‍ ട്രാന്‍സ്ഫര്‍ വിപണി സജീവമായതോടെ കളംനിറഞ്ഞ് കൊല്‍ക്കത്ത വമ്പന്മാരും ചെന്നൈയിന്‍ എഫ്.സി.യും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സി.യും റണ്ണറപ്പായ കേരള ബ്ലാസ്റ്റേഴ്സും താരങ്ങള്‍ക്കായി കാര്യമായി രംഗത്തിറങ്ങിയിട്ടില്ല.
കിരീടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ വലിയ നീക്കങ്ങളാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് എ.ടി.കെ. മോഹന്‍ ബഗാന്‍ നടത്തുന്നത്. ബെംഗളൂരു എഫ്.സി.യില്‍നിന്ന് മലയാളി വിങ്ങര്‍ ആഷിഖ് കുരുണിയനെ എത്തിച്ച എ.ടി.കെ. ഹൈദരാബാദില്‍നിന്ന് വിങ്ബാക്ക് ആശിഷ് റായിയെയും സ്വന്തമാക്കി. നേരത്തേ ഈസ്റ്റ് ബംഗാളില്‍നിന്ന് മധ്യനിരക്കാരനായ ലാല്‍റിന്‍ലിയാനയെയും വാങ്ങി. കഴിഞ്ഞ രണ്ടു സീസണുകളായി മോശം പ്രകടനം നടത്തുന്ന ഈസ്റ്റ് ബംഗാള്‍ ഇത്തവണ കളിക്കാരെത്തേടി നേരത്തേ ഇറങ്ങി. മുംബൈ സിറ്റിയില്‍നിന്ന് പ്രതിരോധനിരതാരം മുഹമ്മദ് റാക്കിപ്പ്, എഫ്.സി. ഗോവയുടെ വിദേശതാരം ഇവാന്‍ ഗോണ്‍സാലസ്, ജംഷേദ്പുരിന്റെ വിങ്ങര്‍ മൊബഷീര്‍ റഹ്‌മാന്‍ എന്നിവരെ ടീമിലെടുത്തു. ചെന്നൈയിന്റെ ജെറി ലാല്‍റിന്‍സുവാല, ജംഷേദ്പുരിന്റെ ഋത്വിക് ദാസ്, ഹൈദരാബാദിന്റെ സൗവിക് ചക്രവര്‍ത്തി എന്നിവരെയും ക്ലബ്ബ് നോട്ടമിട്ടിട്ടുണ്ട്.
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തില്‍നിന്ന് കരകയറാന്‍ ചെന്നൈയിന്‍ എഫ്.സി. പണച്ചാക്കുമായി രംഗത്തിറങ്ങി. സന്തോഷ് ട്രോഫിയില്‍ ബംഗാളിനായി മികച്ച പ്രകടനം നടത്തിയ പ്രതിരോധനിരക്കാരന്‍ മൊണതോഷ് ചക്ലദാര്‍, ഈസ്റ്റ് ബംഗാളില്‍നിന്ന് മധ്യനിരയിലെ സൗദവ്ദാസ്, എഫ്.സി. ഗോവയില്‍നിന്ന് അലക്സാണ്ടര്‍ ജെസുരാജ്, ബ്ലാസ്റ്റേഴ്സില്‍നിന്ന് വിങ്ങര്‍ വിന്‍സി ബാരറ്റോ, രാജസ്ഥാന്‍ യുണൈറ്റഡിന്റെ സെന്‍ട്രല്‍ ബാക്ക് ഗുരുമുഖ് സിങ്, ഈസ്റ്റ് ബംഗാളില്‍നിന്ന് മധ്യനിരയിലെ മുഹമ്മദ് റഫീഖ് എന്നിവരെ വാങ്ങി.
ജംഷേദ്പുരില്‍നിന്ന് പ്രതിരോധനിരക്കാരന്‍ നരേന്ദ്ര ഗഹ്ലോട്ട്, എ.ടി.കെ.യില്‍നിന്ന് മൈക്കല്‍ സൂസെരാജ്, ഹൈദരാബാദിന്റെ പ്രതിരോധനിരക്കാരന്‍ നിഖില്‍ പ്രഭു എന്നിവരെ സ്വന്തമാക്കി ഒഡിഷ എഫ്.സി.യും സജീവമായി. ഓസ്ട്രേലിയന്‍ പ്രതിരോധനിരക്കാരന്‍ ഒസമ മാലിക്കിനെയും ടീമിലെത്തിച്ചു.
കേരള ബ്ലാസ്റ്റേഴ്സ് പുതുതായി എത്തിച്ചത് ചര്‍ച്ചില്‍ ബ്രദേഴ്സിന്റെ ബ്രൈസ് മിറാന്‍ഡയെ മാത്രം. മധ്യനിരയിലും വിങ്ങറായും ഉപയോഗിക്കാവുന്ന കളിക്കാരനാണ് മിറാന്‍ഡ. ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട് ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളും കുറവാണ്. വിദേശതാരങ്ങളടക്കം മികച്ച കളിക്കാര്‍ ടീമിലെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സി.യും വിപണിയില്‍ നിശ്ശബ്ദരാണ്. പുതുതായി ആരേയും ക്ലബ്ബ് ടീമിലെത്തിച്ചിട്ടില്ല.
Content Highlights: ISL transfer scenes heating up Blasters and Hyderabad without any move
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..