കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ അടുത്ത സീസണ്‍ മുതല്‍ പത്ത് ടീമുകള്‍ കളിക്കും. ഐ-ലീഗ് ടീമായ ബെംഗളൂരു എഫ്.സിയുടെ ഉടമസ്ഥരായ ജെ.എസ്.ഡബ്ല്യുവിന്റെയും ടാറ്റയുടെയും ടീമുകളാണ് ഐ.എസ്.എല്ലില്‍ പുതിയ തുടക്കം കുറിക്കാനൊരുങ്ങുന്നത്. ടാറ്റ സ്റ്റീല്‍സ് ജംഷഡ്പൂര്‍ ആസ്ഥാനമാക്കിയും ജെ.എസ്.ഡബ്ല്യു ബെംഗളൂരു ആസ്ഥാനമാക്കിയുമാകും പ്രവര്‍ത്തിക്കുക.

അതേസമയം തിരുവനന്തപുരം ആസ്ഥനമാക്കി കേരളത്തില്‍ നിന്ന് ടീം വരുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് യാഥാര്‍ത്ഥ്യമായില്ല. നിലവില്‍ കേരളത്തില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്ലില്‍ കളിക്കുന്നുണ്ട്‌

ഐ-ലീഗ് ടീമുകളായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ലേലത്തില്‍ നിന്ന് പിന്മാറിയതോടെയാണ് പുതിയ ടീമുകളുടെ എണ്ണം രണ്ടില്‍ ഒതുങ്ങിയത്. കഴിഞ്ഞ ദിവസം ഐ.എസ്.എല്ലിന് ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍  എ.എഫ്.സി അംഗീകാരം നല്‍കിയിരുന്നു. ഐ.എസ്.എല്‍ വിജയികള്‍ക്ക് എ.എഫ്.സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത ലഭിക്കുകയും ചെയ്യും.

ബെംഗളൂരു എഫ്.സി ഐ.എസ്.എല്ലിന്റെ ഭാഗമാകുന്നതോടെ ഐ-ലീഗില്‍ നിന്ന് പിന്മാറാനാണ് സാധ്യത. ഇതോടെ ഐ-ലീഗിന്റെ നിറം മങ്ങാന്‍ സാധ്യതയുണ്ട്. എങ്കിലും ഐ-ലീഗും ഐ.എസ്.എല്ലും സമാന്തരമായി നടത്താനും തത്സമയ ടെലികാസ്റ്റ് നടത്താനും എ.ഐ.എഫ്.എഫ് തീരുമാനിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി മികച്ച അക്കാദമിയുള്ള ടാറ്റയുടെ ഐ.എസ്.എല്ലിലേക്കുള്ള വരവ് ഇന്ത്യന്‍ ഫുട്‌ബോളിനു ഗുണം ചെയ്യും.

അണ്ടര്‍-17 ലോകകപ്പിന് ശേഷമാണ് ഇത്തവണ ഐ.എസ്.എല്‍ നടക്കുക. അഹമ്മദാബാദ്, ബെംഗളൂരു, കട്ടക്ക്, ദുര്‍ഗാപുര്‍, ഹൈദരാബാദ്, ജംഷെഡ്പൂര്‍, കൊല്‍ക്കത്ത, റാഞ്ചി, സിലിഗുരി, തിരുവനന്തപുരം എന്നീനഗരങ്ങളെ പരിഗണിച്ചിരുന്നുവെങ്കിലും ഒടുവില്‍ ജെംഷഡ്പൂരിനെയും ബെംഗളൂരുവിനെയും തെരഞ്ഞെടുക്കുകയായിരുന്നു.