കോഴിക്കോട്: പുതിയ പരിശീലകനും സ്‌പോര്‍ട്ടിങ് ഡയറക്ടറും വന്നതോടെ അടുത്ത സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ചര്‍ച്ചകളും സജീവമായി. ഓരോ ദിവസവും ഓരോ പുതിയ വിദേശതാരങ്ങള്‍ ആരാധകരുടെ ചര്‍ച്ചകളിലേക്ക് കടന്നുവരുന്നു. പരിശീലകനായി സ്പാനിഷുകാരന്‍ കിബുവിനെ കഴിഞ്ഞദിവസം ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. സ്‌പോര്‍ട്ടിങ് ഡയറക്ടറായി ലിത്വാനിയക്കാരന്‍ കരോളിസ് സ്‌കിന്‍കിസ് ചുമതലയേറ്റിരുന്നു.

വാല്‍സ്‌കിസും അഹമ്മദ് സലയും

ചെന്നൈയിന്‍ എഫ്.സി. സ്ട്രൈക്കര്‍ നെരിയൂസ് വാല്‍സ്‌കിസ്, സിറിയന്‍ പ്രതിരോധനിരക്കാരന്‍ അഹമ്മദ് അല്‍ സല, യുറുഗ്വായ് മധ്യനിരക്കാരന്‍ നിക്കോ വരേല എന്നിവര്‍ അടുത്ത സീസണില്‍ ടീമിലേക്കെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ സീസണില്‍ 15 ഗോളോടെ ഗോള്‍ഡന്‍ ബൂട്ട് നേടിയ താരമാണ് ലിത്വാനിയയുടെ വാല്‍സ്‌കിസ്. സ്‌കിന്‍കിസിന്റെ നാട്ടുകാരന്‍ കൂടിയാണ് വാല്‍സ്‌കിസ്. സിറിയന്‍ ദേശീയ ടീം അംഗവും നിലവില്‍ അല്‍ അറബി ക്ലബ്ബ് പ്രതിരോധനിരക്കാരനുമായ അഹമ്മദ് സലയും സൈപ്രസ് ലീഗില്‍ കളിക്കുന്ന വരേലയും കഴിഞ്ഞദിവസം വിദേശ ക്വാട്ടയിലെ ചര്‍ച്ചകളിലെത്തി.

ഒഗ്ബെച്ചയുടെ ഭാവി

എല്‍കോ ഷട്ടോറി പുറത്തായതോടെ ടീമിലെ വിദേശതാരങ്ങളുടെ കാര്യത്തില്‍ ആശങ്കയുയര്‍ന്നിട്ടുണ്ട്. നൈജീരിയന്‍ താരവും ടീം നായകനുമായ ബര്‍ത്തലോമ്യു ഒഗ്ബെച്ച, സ്പാനിഷ് താരം സെര്‍ജി സിഡോഞ്ച എന്നിവരുമായി ടീമിന് ഒരു വര്‍ഷംകൂടി കരാറുണ്ട്. ഇരുവരും ടീമില്‍ തുടര്‍ന്നേക്കും. കഴിഞ്ഞ സീസണില്‍ നന്നായി കളിച്ച കാമറൂണ്‍ താരം റാഫേല്‍ മെസ്സിയുടെ ഭാവി പുതിയ പരിശീലകന്‍ കിബുവിന്റെ കൈയിലാണ്. മറ്റുള്ളവര്‍ ടീമില്‍ തുടരാന്‍ സാധ്യതയില്ല. ജംഷേദ്പുര്‍ എഫ്.സി.യില്‍ നിന്ന് പ്രതിരോധനിരക്കാരന്‍ ടിറി വരുമെന്നും വാര്‍ത്തയുണ്ട്.

കിബുവിന്റെ ശിഷ്യര്‍

ഐ ലീഗില്‍ മോഹന്‍ബഗാനെ ചാമ്പ്യന്‍മാരാക്കുന്നതില്‍ കിബുവിന് തുണയായ വിദേശതാരങ്ങളില്‍ മൂന്നുപേര്‍ ബ്ലാസ്റ്റേഴ്സിലേക്കെത്തുമെന്ന അഭ്യൂഹവും ശക്തമാണ്. സ്പാനിഷ് മുന്നേറ്റനിരക്കാരന്‍ ജോസെബെ ബെയ്റ്റിയ, മധ്യനിരക്കാരന്‍ ഫ്രാന്‍ ഗോണ്‍സാലസ്, കാമറൂണ്‍ സ്ട്രൈക്കര്‍ ബാബ ദിയാവാര എന്നിവരുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്.

യുവനിരയുടെ കരുത്തില്‍

ഒരു സംഘം യുവ ഇന്ത്യന്‍ താരങ്ങള്‍ ടീമിലേക്കെത്തും. ഇന്ത്യന്‍ ആരോസ് ഗോള്‍കീപ്പര്‍ പ്രഭശുഖന്‍സിങ്, മുന്നേറ്റനിരക്കാരന്‍ വിക്രം പ്രതാപ്, ബ്ലാസ്റ്റേഴ്സില്‍നിന്ന് വായ്പയടിസ്ഥാനത്തില്‍ ബഗാനില്‍ കളിച്ച നോങ്ഡാബ നോറോം, റിയല്‍ കശ്മീര്‍ മധ്യനിരതാരം ഋത്വിക് ദാസ്, ബെംഗളൂരു എഫ്.സി. പ്രതിരോധനിരക്കാരന്‍ നിഷുകുമാര്‍ എന്നിവരുമായി ക്ലബ്ബ് ധാരണയിലെത്തിയതായും സൂചനയുണ്ട്.

Content Highlights: isl Kerala Blasters transfer roumers Vicuna