കൊച്ചി: ഇന്ത്യയ്ക്കായ അണ്ടര്‍ 17 ലോകകപ്പില്‍ ബൂട്ട് കെട്ടിയ മലയാളി താരം കെ.പി രാഹുല്‍ അടുത്ത സീസണില്‍ ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും. 

ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിന്റെ താരമായിരുന്ന രാഹുലിനെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി. ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കുന്ന അഞ്ചാമത്തെ മുന്‍ ഇന്ത്യന്‍ അണ്ടര്‍ 17 താരമാണ് രാഹുല്‍. 19-കാരനായ രാഹുലിന് പുറമെ ധീരജ് സിങ്, ജെക്സന്‍ സിങ്, മുഹമ്മദ് റാകിപ്, നൊങ്ഡംബ നരോം എന്നിവരെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരത്തെ സ്വന്തമാക്കിയിരുന്നത്.

തൃശൂര്‍ സ്വദേശിയായ രാഹുല്‍ കഴിഞ്ഞ ഐ ലീഗ് സീസണില്‍ ഇന്ത്യന്‍ ആരോസിനായി 17 മത്സരങ്ങളില്‍ നിന്ന് രണ്ടു ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇത്തവണത്തെ സീസണില്‍ മൂന്നു ഗോളുകളും താരം സ്വന്തം പേരില്‍ കുറിച്ചു.

സൂപ്പര്‍കപ്പ് യോഗ്യതാ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ച ടീമിലും രാഹുല്‍ ഉണ്ടായിരുന്നു.

Content Highlights: ISL Kerala Blasters sign Rahul KP