-ലീഗ് സെക്കന്റ് ഡിവിഷനില്‍ കളിക്കുന്ന ഫത്തേഹ് ഹൈദരാബാദിന്റെ പ്രതിരോധ നിരയില്‍ ഒരു ഉയരക്കാരന്‍ പയ്യനെ കാണാം, ആറടിയിലേറെ പൊക്കമുള്ള പയ്യന്‍ എതിര്‍ ടീമിന്റെ ആക്രമണങ്ങളെ വളരെ അനായാസമായാണ് ചെറുക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതിരോധ താരങ്ങള്‍ക്ക് എന്നും  തലവേദനയായിരുന്ന ഒഡാഫെ ഒക്കോലി എന്ന നൈജീരിക്കാരനെതിരെ പോലും അവരുടെ ഗ്രൗണ്ടില്‍ പോയി വരുതിക്ക് നിറുത്തിയതാണ് ഈ താരം. ഫുട്‌ബോള്‍ നിരീക്ഷകരുടെ അഭിപ്രായത്തില്‍ ഈയിടെ സമാപിച്ച ഐ-ലീഗ് സെക്കന്റ് ഡിവിഷനിലെ ഏറ്റവും മികച്ച പ്രതിരോധ നിരക്കാരന്‍. 

കളത്തില്‍ 90 മിനിറ്റും അധ്വാനിച്ച് കളിക്കുന്ന ഈ ഉയരക്കാരന്റെ പേര് അബ്ദുള്‍ ഹക്കു. മലപ്പുറം തിരൂര്‍ സ്വദേശി. മലപ്പുറത്ത് നിന്ന് പന്തു തട്ടി തുടങ്ങി ഇന്ത്യയുടെ പ്രതിരോധം വരെയെത്തിയ അനസ് എടത്തൊടികയുടെ പാതയിലൂടെ തന്നെയാണ് ഹക്കുവിന്റെ സഞ്ചാരവും. ഐ.എസ്.എല്‍ അടുത്ത സീസണിലേക്കുള്ള കളിക്കാരുടെ ഡ്രാഫ്റ്റില്‍ ഈ ഇരുപത്തി രണ്ടുകാരനുമുണ്ട്. വില 12 ലക്ഷം രൂപ. ഹക്കു ഇനി ആരുടെ തട്ടകത്തിലെത്തുമെന്ന് അറിയണമെങ്കില്‍ ഞായാറാഴ്ച്ച നടക്കുന്ന ഡ്രാഫ്റ്റ് വരെ കാത്തിരിക്കണം. 

കഴിഞ്ഞ നാല് വര്‍ഷങ്ങളായി കേരളത്തിന് പുറത്തായത് കൊണ്ട് തന്നെ ഹക്കു കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ അത്ര പരിചിതനല്ല. സ്‌പോര്‍ട്സ് അക്കാദമി തിരൂരിലൂടെ(SAT) ആയിരുന്നു കളിയുടെ തുടക്കം. 2008-ഇല്‍ തുടങ്ങിയ അക്കാദമിയുടെ ആദ്യ ബാച്ചില്‍ അംഗമായിരുന്ന താരം നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പൂനെ ഡി.എസ്.കെ ശിവാജിയന്‍സില്‍ എത്തുന്നത്. ആദ്യം ഡി.എസ്.കെയുടെ ജൂനിയര്‍ ടീമിലും പിന്നീട് സീനിയര്‍ ടീമിലും ഇടം കണ്ടെത്തിയ ഹക്കു 2015-16 സീസണില്‍ ഡി.എസ്.കെയ്ക്ക് വേണ്ടി ഈസ്റ്റ് ബംഗാളിനെതിരെ ഐ-ലീഗില്‍ അരങ്ങേറ്റം കുറിച്ചു. ശിവാജിയന്‍സില്‍ കളിക്കുന്ന സമയത്ത് മഹാരാഷ്ട്രക്ക് വേണ്ടി സന്തോഷ് ട്രോഫിയില്‍ ബൂട്ടുകെട്ടി.

പൂണെ ടീമിലെ താരധിക്യം കാരണം പിന്നീട് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും പുതിയ സീസണില്‍ ഹക്കുവിനെ കാത്തിരുന്നത് നിരവധി ഓഫറുകളായിരുന്നു. ഐ-ലീഗ് ടീം മിനര്‍വ പഞ്ചാബടക്കം പല ക്ലബുകളില്‍ നിന്നും ഓഫറുകള്‍ ലഭിച്ചെങ്കിലും സെക്കന്റ് ഡിവിഷന്‍ ക്ലബ് ഫത്തേഹ് ഹൈദരാബാദിനെ തിരഞ്ഞെടുത്ത തിരൂരുകാരന്‍ ഹൈദരാബാദ് ടീമിന് മുതല്‍കൂട്ടായി മാറി. ഐ-ലീഗ് സെക്കന്റ് ഡിവിഷന്റെ പ്രാഥമിക റൗണ്ടില്‍ ശക്തരായ ഓസോണ്‍ എഫ്.സിയെ പോലുള്ള ടീമുകള്‍ ഉള്‍പെട്ട ഗ്രൂപ്പില്‍ നിന്ന് വെറും ഒരു ഗോള്‍ മാത്രം വഴങ്ങി ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനല്‍ റൗണ്ടിന് യോഗ്യത നേടുമ്പോള്‍ ഫത്തേഹുകാര്‍ കടപ്പെട്ടത് ക്യാപ്റ്റന്‍ ഗുര്‍ജെത് സിംഗും അബ്ദുള്‍ ഹക്കുവും ചേര്‍ന്നൊരുക്കിയ പ്രതിരോധ കോട്ടയോടായിരുന്നു.

Abdul Haque

12 ടീമുകള്‍ അണിനിരന്ന ലീഗിലെ ഏറ്റവും മികച്ച ഡിഫന്‍സീവ് നിരയിയായി അന്ന് തന്നെ പേരെടുത്ത ഫത്തേഹിന്റെ യുവനിര ഫൈനല്‍ റൗണ്ടിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച് സീസണില്‍ നാലാമതാണ് ഫിനിഷ് ചെയ്തത്. ഗോളടിക്കാന്‍ ആളില്ലാതെ സീസണ്‍ലുടനീളം ഉഴറിയ ടീമിനെ ലീഗില്‍ നാലാം സ്ഥാനക്കായി മാറ്റിയതിന് പിന്നില്‍ പ്രധാന പങ്ക് വഹിച്ചത് ഹക്കു ഉള്‍പ്പെടുന്ന പ്രതിരോധ നിര തന്നെ.

ഉയരമാണ് ഹക്കുവിന്റെ പ്രധാന ആയുധം. തന്റെ ഉയരത്തെ കളത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന താരം കളത്തിലെ അര്‍പ്പണബോധം കൊണ്ടും മറ്റു താരങ്ങളില്‍ നിന്ന് വ്യത്യസ്ഥനാണ്. ടീമിലെ ഇംഗ്ലീഷ് ഡിഫന്‍ഡറെ മറികടന്ന് ഫത്തേഹിന്റെ സ്റ്റോപ്പര്‍ ബാക്കായി സ്ഥാനം പിടിച്ച ഹക്കു സീസണിലുടനീളം കോച്ചിന്റെ ആ തീരുമാനത്തോട് നീതി പുലര്‍ത്തുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. റൈറ്റ് ബാക്കായും, സ്റ്റോപ്പര്‍ ബാക്കായും ഒരു പോലെ മികവ് കാണിക്കാറുള്ള മലയാളി താരത്തിലെ സ്റ്റോപ്പര്‍ ബാക്കിനെയായിരുന്നു സീസണില്‍ ഫത്തേഹ് കാര്യമായി ആശ്രയിച്ചത്.

കളിക്കളത്തില്‍ അനസ് എടത്തൊടികയെ മാതൃകയാക്കുന്ന ഹക്കു കളിമികവിലും അനസിനോട് ഏറെ സാമ്യമുള്ള താരമാണ്. ഓഫ് സീസണ്‍ ഇടവേളയില്‍ തിരൂരിലെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു ഈ ഉയരക്കാരന്‍ ഡിഫെന്‍ഡറെ തേടി ഐ.എസ്.എല്ലിന്റെ വിളി എത്തിയിരിക്കുന്നു. തുടര്‍ന്ന് മുംബൈയില്‍ വച്ച് മറ്റ് മലയാളി താരങ്ങളോടൊപ്പം ഹക്കുവും ഐ.എസ്.എല്‍ ഡ്രാഫ്റ്റില്‍ സൈന്‍ ചെയ്തു.

കളിക്കളത്തില്‍ അനുദിനം മികവ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ യുവ പ്രതിരോധ തരാത്തിന് ഐ.എസ്.എല്ലില്‍ ഒരു തട്ടകം കണ്ടെത്താനായാല്‍ റിനോ ആന്റോയ്ക്കും, അനസിനും ശേഷം കേരളത്തിന് ഒരു മികച്ച ഡിഫന്‍ഡറെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മലയാളി താരങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുമെന്ന് കരുതപ്പെടുന്ന കേരള ബ്ലാസ്റ്റേഴ്സ് ഹക്കുവിനെ പോലുള്ള യുവ താരങ്ങളെ പരിഗണിക്കുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു.