മാഡ്രിഡ്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കരുത്തന്‍മാരുടെ മത്സരത്തില്‍ സ്‌പെയിനിന് വിജയം. ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സ്‌പെയിൻ തകര്‍ത്തത്. സാന്റിയാഗൊ ബെര്‍ണാബ്യുവില്‍ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡിന്റെ ഇസ്‌കോ ഇരട്ടഗോളുമായി തിളങ്ങി. ആല്‍വരൊ മൊറാട്ടയാണ് മൂന്നാം ഗോള്‍ നേടിയത്. 

അസെന്‍സിയൊ, ഇസ്‌കോ, ഡേവിഡ് സില്‍വ എന്നിവരെ ആക്രമണച്ചുമതല ഏല്‍പിച്ചാണ് പരിശീലകന്‍ ലോപെഗറ്റി ടീമിനെ ഇറക്കിയത്. കളി തുടങ്ങി 13-ാം മിനിറ്റില്‍ ഇസ്‌കോയിലൂടെ സ്‌പെയിൻ മുന്നിലെത്തി. ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ഇസ്‌കോയെടുത്ത ഫ്രീകിക്ക് ഇറ്റാലിയന്‍ ഗോളി ബഫണിനെയും മറികടന്ന് വലയിലെത്തി. 40-ാം മിനിറ്റിലായിരുന്നു ഇസ്‌കോയുടെ രണ്ടാം ഗോള്‍. വെറ്ററന്‍ താരം ഇനിയസ്റ്റയുടെ പാസ്സ് സ്വീകരിച്ച് ഇസ്‌കോ അടിച്ച ഇടങ്കലാന്‍ ഷോട്ട് വീണ്ടും ബഫണിനെ കീഴടക്കി. 

രണ്ടാം പകുതിയിലും ഇറ്റലിയുടെ ആക്രമണം തണുത്തുതന്നെ നിന്നു. മധ്യനിരയില്‍ നിന്ന് വേണ്ടത്ര പാസ്സുകള്‍ ലഭിക്കാതിരുന്നതോടെ ബെലോട്ടിയ്ക്കും ഇമ്മോബിലിനും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 70-ാം മിനിറ്റില്‍ ഈഡറും ബെര്‍ണാദേശിയും ഇറങ്ങിയെങ്കിലും ഇറ്റാലിയന്‍ ആക്രമണത്തിന് കാര്യമായ മാറ്റം ഒന്നും വന്നതുമില്ല. അതേസമയം ഇനിയേസ്റ്റയ്ക്ക് പകരക്കാരനായി ഇറങ്ങിയ മൊറാട്ട സ്‌പെയിനിന്റെ ലീഡുയര്‍ത്തി. സെര്‍ജിയോ റാമോസിന്റെ പാസ്സില്‍ നിന്നായിരുന്നു മൊറാട്ടയുടെ ഗോള്‍. മൊറാട്ടയുടെ കരിയറിലെ പത്താം രാജ്യാന്തര ഗോളായിരുന്നു അത്.

 ഈ ജയത്തോടെ സ്പെയിന്‍ 19 പോയിന്റുമായി ഗ്രൂപ്പ് ജിയില്‍ ഒന്നാമതെത്തി. 16 പോയിന്റുള്ള ഇറ്റലി രണ്ടാമതാണ്.